മണിപ്പുർ അവഗണിക്കപ്പെടുന്നു, സമാധാനം തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു; BAFTA വേദിയിൽ സംവിധായിക

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സിൽ (BAFTA) ചരിത്രമെഴുതിയിരിക്കുകയാണ് മണിപ്പുരി ചിത്രമായ ‘ബൂങ്’. ബെസ്റ്റ് ചിൽഡ്രൻസ് ആൻഡ് ഫാമിലി ചിത്രത്തിനുള്ള പുരസ്കാരമാണ് ‘ബൂങ്’-ന് ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംവിധായിക ലക്ഷ്മിപ്രിയ ദേവി നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. മണിപ്പുരിൽ നിലനിൽക്കുന്ന അസ്വസ്ഥതകളെക്കുറിച്ചാണ് അവർ സംസാരിച്ചത്. ജന്മനാട്ടിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു അവർ.
തൻ്റെ മാതൃഭാഷയിൽ സദസ്സിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് സംവിധായിക ലക്ഷ്മിപ്രിയ ദേവി സംസാരിച്ചു തുടങ്ങിയത്. ഒന്നാമതായാണ് എത്തുന്നതെന്ന് അറിയാതെ, ഒരു പർവതാരോഹണത്തിന്റെ അവസാന ചുവടുകൾ വെയ്ക്കുന്നതുപോലെയാണ് ബാഫ്റ്റയിലേക്കുള്ള യാത്ര തോന്നിയതെന്ന് അവർ പറഞ്ഞു. ബൂങ് പോലൊരു ചെറിയ സിനിമയ്ക്ക് ഇത്രയേറെ സ്നേഹം നൽകിയ ജൂറി അംഗങ്ങൾക്കും ബാഫ്റ്റയ്ക്കും നന്ദി. ഏറെ പ്രശ്നങ്ങളാൽ കലുഷിതവും അവഗണിക്കപ്പെടുന്നതും പ്രാതിനിധ്യവുമില്ലാത്ത ഇടമാണ് തന്റെ ജന്മനാടായ മണിപ്പുർ. അങ്ങനെയൊരു സ്ഥലവുമായി ബന്ധമുള്ള സിനിമ കൂടിയാണിതെന്ന് ലക്ഷ്മിപ്രിയ ദേവി പറഞ്ഞു.
മണിപ്പുരിലെ ഇപ്പോഴത്തെ സാഹചര്യം വിവരിക്കാനായി ബാഫ്റ്റയുടെ വേദി ഉപയോഗിക്കുന്നുവെന്ന് സംവിധായിക പറഞ്ഞു. "മണിപ്പൂരിൽ സമാധാനം തിരിച്ചുവരുന്നതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്ന് പറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. സിനിമയിലെ ബാലതാരങ്ങൾ ഉൾപ്പെടെ, എല്ലാ ആഭ്യന്തരമായി കുടിയിറക്കപ്പെട്ട കുട്ടികൾക്കും അവരുടെ സന്തോഷവും നിഷ്കളങ്കതയും സ്വപ്നങ്ങളും വീണ്ടും ലഭിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതിനാൽ, BAFTA, നിങ്ങൾ ഞങ്ങൾക്ക് നൽകിയത് ഒരു പുരസ്കാരം മാത്രമല്ല. ഞങ്ങളുടെ പ്രതീക്ഷ പ്രകടിപ്പിക്കാൻ ഈ വേദി നൽകിയതിന് നന്ദി. എല്ലാവർക്കും നല്ലൊരു സായാഹ്നം ആശംസിക്കുന്നു." ലക്ഷ്മിപ്രിയ ദേവിയുടെ വാക്കുകൾ.
അപ്രത്യക്ഷനായ അച്ഛനെ തേടിപ്പിടിച്ച് അമ്മയെ അദ്‌ഭുതപ്പെടുത്താൻ നടക്കുന്ന ബാലനെ ചുറ്റിപ്പറ്റി വികസിക്കുന്ന ചലച്ചിത്രമാണ് ‘ബൂങ്.’ നടൻ ഫർഹാൻ അക്തറും റിതേഷ് സിധ്വാനിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇക്കൊല്ലം ബാഫ്റ്റയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘ബൂങ്.’
2023-ൽ മണിപ്പൂരിൽ മെയ്തി (Meitei) വിഭാഗവും കുക്കി-സോ (Kuki-Zo) വിഭാഗവും തമ്മിലുണ്ടായ വംശീയ സംഘർഷങ്ങളെ തുടർന്നാണ് സംസ്ഥാനത്ത് അശാന്തി പടർന്നത്. സംഘർഷങ്ങളിൽ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. നിലവിൽ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക വംശീയ മേഖലകളായി സംസ്ഥാനം വിഭജിക്കപ്പെട്ടിരിക്കുകയാണ്.
Content Highlights: Manipuri film `Boong` wins Best Children`s & Family Film at BAFTA Awards 2023. Director Lakshmipriya Devi accepts award, appeals for peace in Manipur.