'എൻടിആർ പ്രിയതമയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ആശുപത്രി, നന്ദമുരി ബാലകൃഷ്ണ മുന്നോട്ടുകൊണ്ടുപോവുന്നു'

#Movies Desk
മംമ്ത മോഹന്‍ദാസ്, മംമ്തയും നന്ദമുരി ബാലകൃഷ്ണയും | Photo: Facebook/ Mamtha Mohandas
മംമ്ത മോഹന്‍ദാസ്, മംമ്തയും നന്ദമുരി ബാലകൃഷ്ണയും | Photo: Facebook/ Mamtha Mohandas

തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ (ബാലയ്യ)യുടെ നേതൃത്വത്തിലുള്ള ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷിക ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. കാൻസർ പോരാട്ടത്തിലെ തന്റെ അതിജീവന കഥ പങ്കുവെക്കാൻ അവസരം നൽകിയതിന് ബാലകൃഷ്ണയ്ക്ക് നടി നന്ദി പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുകൊണ്ടുപോവുന്ന ബാലകൃഷ്ണയെ അവർ പ്രശംസിച്ചു. പിതാവ് എൻ.ടി. രാമറാവു തന്റെ പ്രിയതമയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ആശുപത്രിയുടെ പ്രവർത്തനങ്ങൾ മകനെന്ന നിലയിൽ ബാലകൃഷ്ണ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സന്തോഷമുണ്ടെന്നും മംമ്ത സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

'ജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്. അവ ശാശ്വതമാകില്ലെന്ന് നമുക്ക് പ്രത്യാശിക്കാമെങ്കിലും, അത് വളരെ നീണ്ടതും കഠിനവും ക്ഷീണിപ്പിക്കുന്നതുമാണ്. നിങ്ങൾ പ്രകടിപ്പിക്കുന്ന കരുത്തും, പൂർണതയോടടുത്ത അവസ്ഥയും, സഹിഷ്ണുതയും കണ്ടാണ് ചിലർ കൂടെ ചേരുന്നത്. പിന്തുണയും കരുതലും ആഗ്രഹിക്കുന്നവരിൽനിന്ന് മുഖം തിരിക്കാൻ അനുകമ്പ നമ്മെ അനുവദിക്കില്ല. കാരണം, കാൻസർ ബാധിച്ച ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഒരുപാട് ആളുകൾക്ക് നടുവിലായിരിക്കുമ്പോഴും ആരും അവരെ മനസ്സിലാക്കുന്നില്ല എന്ന തോന്നലാണ്. സമാനമായ ഒരവസ്ഥയിലൂടെ കടന്നുപോകാത്ത പക്ഷം, അതിന്റെ സൂക്ഷ്മമായ വശങ്ങൾ മനസ്സിലാക്കുക എന്നത് വളരെ പ്രയാസകരമാണ്', മംമ്ത കുറിച്ചു.

'ഇവിടെയാണ്, ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ, ദരിദ്രരായ ആളുകൾ നടത്തുന്ന കഠിനമായ പോരാട്ടങ്ങളെ തിരിച്ചറിയുകയും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. എൻ.ടി. രാമറാവു ഗാരു തന്റെ പ്രിയതമയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ആശുപത്രി, മകൻ എന്ന നിലയിൽ നന്ദമൂരി ബാലകൃഷ്ണ തന്റെ പിതാവിന്റെ കാഴ്ചപ്പാട് തുടരുന്നത് ആദരമർഹിക്കുന്നു. വേദന നിറഞ്ഞ ഒരു നഷ്ടത്തെ സേവനമാക്കി മാറ്റിക്കൊണ്ട്, കഴിഞ്ഞ 25 വർഷത്തിലേറെയായി ഒരേ ദിശയിൽ സഞ്ചരിക്കുന്നവർക്ക് അദ്ദേഹം താങ്ങാവുന്നു',. അവർ അഭിപ്രായപ്പെട്ടു.

'അദ്ദേഹത്തിന്റെ പാരമ്പര്യം തുടരട്ടെ എന്നും, കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തവർക്കും ആരും മനസ്സിലാക്കാനില്ലാത്തവർക്കും ഒറ്റപ്പെട്ടവർക്കും പ്രതീക്ഷയും കരുത്തും പകരട്ടെ എന്നും ആശംസിക്കുന്നു. എന്റെ കഥ പങ്കുവെക്കാൻ എനിക്ക് ഒരു വേദി നൽകിയതിനും, അതിലുപരിയായി 'ശരിയായ പോരാട്ടത്തെക്കുറിച്ചും' സഹതാപത്തിന് പകരം അനുകമ്പ സ്വീകരിച്ചുകൊണ്ടുള്ള 'അതിജീവനത്തെക്കുറിച്ചും' വർഷങ്ങളിലൂടെ ഞാൻ പഠിച്ച കാര്യങ്ങൾ പങ്കുവെക്കാൻ സമയം നൽകിയതിനും ബാലകൃഷ്ണ ഗാരുവിനോട് ഞാൻ നന്ദി പറയുന്നു. രോഗത്തിന് ഒരു പ്രതിവിധി ഉണ്ടായേക്കാം അല്ലെങ്കിൽ ഇല്ലാതിരിക്കാം, പക്ഷേ 'പ്രതീക്ഷ' തീർച്ചയായും ഉണ്ട്', അവർ കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുമ്പ് ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയിൽ നടന്ന പരിപാടിയിൽ മംമ്ത പങ്കെടുത്തിരുന്നു. തന്റെ കാൻസർ അതിജീവന പോരാട്ടത്തെക്കുറിച്ച് സംസാരിച്ച മംമ്ത, ആശുപത്രിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബാലകൃഷ്ണയെ പ്രശംസിച്ചിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും സൂപ്പർതാരവുമായിരുന്ന എൻ.ടി. രാമറാവുവിന്റെ ആറാമത്തെ മകനാണ് നന്ദമുരി ബാലകൃഷ്ണ. 18-ാം വയസ്സിലാണ് എൻ.ടി.ആർ. ബസവ രമാ താരകത്തെ വിവാഹംചെയ്യുന്നത്. 1985-ൽ അവർ കാൻസറിന് കീഴടങ്ങി. ബസവ രമാ താരകത്തിന്റെ ഓർമയ്ക്കായി 1986-ൽ എൻ.ടി.ആർ. സ്ഥാപിച്ചതാണ് ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രി.

Content Highlights: Popular actress and cancer survivor Mamta Mohandas recently attended the 25th-anniversary celebrations of the Basavatarakam Indo-American Cancer Hospital. She expressed her heartfelt gratitude to Telugu superstar Nandamuri Balakrishna for providing her with a platform to share her personal survival story. Mamta highly praised Balakrishna for honorably continuing the legacy and vision of his father, the legendary N.T. Rama Rao, who founded the hospital. The hospital was established by NTR in 1986 in loving memory of his wife, Basava Rama Tarakam, after she tragically succumbed to cancer in 1985. In her emotional social media post, Mamta emphasized that the institution beautifully transforms personal grief into affordable medical service for the underprivileged