മമ്മൂട്ടിയുടെ ഇടപെടൽ: അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

മമ്മൂട്ടി, ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന നിയയ്ക്കൊപ്പം പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനു | Photo: Facebook/ Mammootty, Special Arrangement
മമ്മൂട്ടി, ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന നിയയ്ക്കൊപ്പം പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനു | Photo: Facebook/ Mammootty, Special Arrangement

കൊച്ചി: മൂത്രനാളിയിലുണ്ടായ തടസ്സംമൂലം ബുദ്ധിമുട്ടനുഭവിച്ച അഞ്ചുവയസ്സുകാരിക്ക് ആശ്വാസമായി നടൻ മമ്മൂട്ടിയുടെ ‘വാത്സല്യം’ പദ്ധതി. കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തു.

കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യനാണ് കുട്ടിയുടെ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ദിവസവേതനക്കാരനായ പിതാവിന്റെ വരുമാനം മാത്രം ആശ്രയമായ കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ മമ്മൂട്ടി, കുട്ടിയെ ’വാത്സല്യം’ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശം നൽകുകയായിരുന്നു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശ്ശൂർ സ്വദേശിയുടെ മകളുടെ ശസ്ത്രക്രിയ നടത്തിയത്. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തി.

സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സിൽതാഴെയുള്ള കുട്ടികൾക്ക് റോബോട്ടിക് ശസ്ത്രക്രിയകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ’വാത്സല്യം’. പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ, കോളിഡോക്കൽ സിസ്റ്റ്, ഫണ്ടോപ്ലിക്കേഷൻ, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുള്ള സർജറി ഉൾപ്പെടെ അർഹരായവർക്ക് സൗജന്യമായി ചെയ്തുനൽകുമെന്ന് രാജഗിരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി അറിയിച്ചു.

Content Highlights: Mammootty`s `Valsalyam` project provides free robotic surgery to a 5-year-old girl with a urinary tract obstruction, offering relief and hope to her family