കാരിക്കാമുറി ഷണ്മുഖന്റെ രണ്ടാംവരവ്, അടൂരിന്റെ പദയാത്ര; മേള, കാത്തിരിക്കുന്ന വേഷപ്പകർച്ചകൾ

75-ാം വയസ്സിലും പ്രേക്ഷകരെ കൂടുതൽ അതിശയിപ്പിക്കുന്ന ചിത്രങ്ങളുടെ പണിപ്പുരയിലാണ് മഹാനടൻ മമ്മൂട്ടി. മലയാളത്തിലും അന്യഭാഷകളിലുമായി ഒട്ടേറെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ഇടക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് മാറിനിന്ന അദ്ദേഹം, കൂടുതൽ മികച്ച കഥകളും കഥാപാത്രങ്ങളുമായി ബിഗ് സ്‌ക്രീനിലെത്താനുള്ള ഒരുക്കത്തിലാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പേട്രിയറ്റ്' ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രം. അതിന് മുൻപ് ഈ വർഷമാദ്യം യുവതാരനിര അണിനിരന്ന 'ചത്ത പച്ച: റിങ് ഓഫ് റൗഡീസി'ൽ അതിഥി വേഷത്തിലെത്തി. ഇനി ഉടനെ തിയേറ്ററിൽ എത്താനൊരുങ്ങുന്നതും മറ്റൊരു അതിഥി വേഷത്തിലുള്ള ചിത്രമാണ്.
രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18-ന് തിയേറ്ററിലെത്തും. 2004-ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ 'കാരിക്കാമുറി ഷണ്മുഖൻ' എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. 'തുടരും' എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ, പരസ്യസംവിധായകൻ കൂടിയായ പ്രകാശ് വർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'പദയാത്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതാണ്.
നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. മേള എന്നാണ് ചിത്രത്തിന്റെ പേര്. ഗ്യാങ്സ്റ്റർ ആക്ഷൻ എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. മലയാളത്തിൽ 'ഫാലിമി', തമിഴിൽ 'തലൈവർ തമ്പി തലൈമയിൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിതീഷ് സഹദേവ്.
'ഉണ്ട' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ' നേരത്തെ പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലിൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും. മാസ് ആക്ഷൻ-കോമഡി എന്റർടെയ്‌നറായി ആയിരിക്കും ചിത്രമെത്തുക എന്നാണ് സൂചന.
തമിഴിൽ ധനുഷുമായി ഒന്നിക്കുന്ന 'ഓം' ആണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'അമരനി'ലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമിയാണ്. മാസ്-ആക്ഷൻ-ഡ്രാമ വിഭാഗത്തിലായിരിക്കും ചിത്രം എത്തുക എന്നാണ് സൂചന. 2018-ൽ റാം ഒരുക്കിയ 'പേരൻപ്' ആണ് മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം.
ഇതിനെല്ലാം പുറമെ, 'മാർക്കോ' എന്ന ഒറ്റചിത്രത്തിലൂടെ ശ്രദ്ധനേടിയ ക്യൂബ്‌സ് എന്റർർടെയ്ന്റ്‌സുമായി ചേർന്നുള്ള ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബിഗ് ബിയുടെ രണ്ടാം ഭാഗം, ലോക സീരീസിലെ മൂത്തോൻ, കണ്ണൂർ സ്‌ക്വാഡ് രണ്ടാംഭാഗം എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
Content Highlights: Mammootty prepares for a busy lineup of upcoming projects across Malayalam and Tamil cinema. 'Law & Order' features his return as the iconic character 'Karikkamuri Shanmughan' from 'Black'. Shooting is completed for his upcoming collaboration with Adoor Gopalakrishnan titled 'Padayatra'. A big-budget action entertainer directed by Nitheesh Sahadev has been announced on his birthday. Other major projects include Khalid Rahman's 'Mattancherry Mafia' and Rajkumar Periasamy's Tamil film 'Om' with Dhanush.