സംവിധായകൻ, എഡിറ്റർ, നടന്മാർ; നാല് ദേശീയ പുരസ്കാരം; ‘ഓം’ സെറ്റിൽ നേട്ടം ആഘോഷിച്ച് ധനുഷും മമ്മൂട്ടിയും

ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടം 'ഓം' സെറ്റിൽ ആഘോഷിച്ച് മമ്മൂട്ടിയും ധനുഷും. അവാർഡ് ജേതാക്കളായ ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമി, എഡിറ്റർ ആർ. കലൈവണ്ണൻ എന്നിവർക്കൊപ്പമാണ് നേട്ടം ആഘോഷിച്ചത്.
'ഓം' ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിൽ വലിയ കേക്ക് മുറിച്ചാണ് ടീം ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങൾ മമ്മൂട്ടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
'ഓം സെറ്റിൽ ധനുഷ്, രാജ്കുമാർ പെരിയസാമി, കലൈവണ്ണൻ എന്നിവർക്കൊപ്പം ദേശീയ അവാർഡ് നേട്ടം ചെറുതായി ആഘോഷിച്ചപ്പോൾ. എല്ലാവരുടെയും സ്‌നേഹത്തിനും ആശംസകൾക്കും നന്ദി', മമ്മൂട്ടി കുറിച്ചു.
72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടി. ധനുഷ് സംവിധാനം ചെയ്ത 'രായൻ' മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ക്യാപ്റ്റൻ മില്ലറിലെ അഭിനയത്തിന് ധനുഷ് പ്രത്യേക പരാമർശത്തിന് അർഹനായി. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച തമിഴ് ചിത്രമായ 'അമരൻ' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം രാജ്കുമാർ പെരിയസാമിക്ക് ലഭിച്ചു. ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരവും ആർ. കലൈവണ്ണനെ തേടിയെത്തി.
രാജ്കുമാർ പെരിയസാമി രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം'. ചിത്രത്തിൽ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സായ് അഭ്യങ്കർ ആണ്.
Content Highlights: Malayalam superstar Mammootty and Tamil actor Dhanush celebrated their 72nd National Film Award wins on the sets of their upcoming movie 'Om' in Chennai. Mammootty won the Best Actor award for his performance in 'Bramayugam', while Dhanush earned accolades for 'Raayan' and a special mention for 'Captain Miller'. The director of 'Om', Rajkumar Periasamy, and editor R. Kalaivanan also joined the celebration, having won awards for their work in the Tamil blockbuster 'Amaran'. Photos of the team cutting a grand cake to mark the victory of four National Award winners on a single film set were shared online by Mammootty. Written and directed by Rajkumar Periasamy, 'Om' features Mammootty as 'Karthikeyan' alongside Dhanush, Sai Pallavi, and Sreeleela, with music composed by Sai Abhyankkar