ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ല, സാമാന്യ ധാരണയാണ് വേണ്ടത്; അഭിമുഖവിവാദത്തിൽ മമ്മൂട്ടി

മമ്മൂട്ടി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
മമ്മൂട്ടി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്തുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണർത്ഥം നടന്ന വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്നം കാരണമാണോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നാണ് മമ്മൂട്ടിയോട് വാർത്താസമ്മേളനത്തിൽ ചോദിച്ചത്.  നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ വരുമെന്ന് മമ്മൂട്ടി പറഞ്ഞു. 

ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം  പറഞ്ഞു.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ ഏഴാം തീയതിയാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറും പ്രേക്ഷകരിൽ 'റോഷാക്കി'നെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടിയിരുന്നു. 

'റോഷാക്കി'ന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളിന്റേതാണ് തിരക്കഥ.

Content Highlights: mammootty about interview controversy, rorschach movie promotion