ടൊറോന്റോയിൽ മലയാളത്തിന് അഭിമാനമായി 'ഹാഫ്'

#സുരേഷ് നെല്ലിക്കോട്

ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക മികവോടെ സംജാദ് ഒരുക്കിയ ഹാഫിന്റെ ആഗോള പ്രദർശനത്തിന് ടൊറന്റോയിൽ തുടക്കമായി. ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആറാം ദിവസം മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഇതുവരെ ഇങ്ങനെ ഒരു സിനിമ ഇന്ത്യ കണ്ടിട്ടുണ്ടാവില്ല എന്നാണ് കാനും വെനീസും ബെർലിനുമുൾപ്പെടെ ഇരുപത്തഞ്ചോളം ചലച്ചിത്രമേളകളിലേയ്ക്ക് തെക്കനേഷ്യൻ രാജ്യങ്ങളുടെ ചിത്രങ്ങൾ തിരഞ്ഞെടുത്ത ക്യൂറേറ്റർ മീനാക്ഷി ഷെഡ്ഡേ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

ഇരട്ടകളായ ഈതനും ഐവിയും ഇന്റർ സ്പീഷീസ് പാരന്റേജിലൂടെ (Interspecies Parentage) ലഭിച്ച കഴിവുകൾ ഉപയോഗിച്ച് നടത്തുന്ന ഒരു മരുയാത്രയുടെ അനുഭവങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രേക്ഷകശ്രദ്ധനേടിയ കുറ്റാന്വേഷണ ത്രില്ലറായ ഗോളമാണ് സംജാദിന്റെ ആദ്യ സംവിധാനസംരംഭം.

ദി റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ്, 24 അവേഴ്‌സ് വിത്ത് ഗാസ്പർ എന്നീ ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്ത വിഖ്യാത ഇൻഡോനീഷ്യൻ സ്റ്റണ്ട് സംവിധായകനായ വേരി ട്രി യൂളിസ്മാനാണ് ചിത്രത്തിലെ സാഹസികമായ സംഘട്ടനരംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രാജസ്ഥാൻ മരുഭൂമിയിലും കസാഖിസ്താന്റെ ചില പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണസമയത്ത്, സമീപപ്രദേശങ്ങളിലേക്ക് പാകിസ്താന്റെ ഡ്രോൺ ആക്രമണങ്ങളുണ്ടായതിനാൽ ടീമിന് ഷൂട്ട് നിർത്തി മടങ്ങേണ്ടിവന്നിരുന്നു. പിന്നീട് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷമാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഗോറി, കറി വെസ്റ്റേൺ സ്വഭാവത്തിലുള്ള ഈ ചിത്രത്തിലെ നായികാനായക വേഷങ്ങളിൽ വരുന്നത് ഐശ്വര്യ രാജ്, രഞ്ജിത് സജീവ് എന്നിവരാണ്. അമല പോൾ, അബ്ബാസ്, ശ്രീകാന്ത് മുരളി എന്നിവരാണ് പ്രതിനായകവേഷങ്ങൾ ചെയ്തത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷനു വേണ്ടി പി. കെ. സജീവും ആൻ സജീവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോജി മുണ്ടക്കയം, അഞ്ജലി നായർ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഛായാഗ്രഹണം: പാപ്പിനു, ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്, സംഗീതസംവിധാനം: മിഥുൻ മുകുന്ദൻ, ശബ്ദസന്നിവേശം: വിഷ്ണു ഗോവിന്ദ്. ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേള സെപ്റ്റംബർ 20 ന് അവസാനിക്കും.

Content Highlights: Director Samjad's Malayalam film 'Half' premiered at the Toronto International Film Festival under the Midnight Madness section., The film features action choreography by Indonesian stunt director Very Tri Yulisman., Shot in Rajasthan and Kazakhstan, the movie stars Aishwarya Raj and Ranjith Sajeev in lead roles with Amala Paul, Abbas, and Srikant Murali as antagonists.