മോഹൻലാൽ നായകൻ, വില്ലനായി പദ്മരാജൻ; അങ്ങനെയും ഒരു പടം

മോഹൻലാൽ, പദ്മരാജൻ | Photo: Mathrubhumi Archives
മോഹൻലാൽ, പദ്മരാജൻ | Photo: Mathrubhumi Archives

സിനിമാജീവിതത്തിൽ എക്കാലവും മോഹൻലാലിന്റെ "ഹീറോ" ആയിരുന്നു പദ്മരാജൻ. അതേ പപ്പേട്ടനെ ലാലിന്റെ വില്ലനായി സങ്കല്പിക്കാനാകുമോ നമുക്ക് ? ചെറുകിട വില്ലനല്ല, ഡെന്നിസ് ജോസഫിന്റെ വാക്കുകളിൽ, പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും ബ്ലാക്ക്മെയിൽ ചെയ്തും അവരുടെ സൃഷ്ടികൾ സ്വന്തമാക്കി വിജയം വെട്ടിപ്പിടിക്കുന്ന ഒരു കിടിലൻ ജീനിയസ് വില്ലൻ.

മോഹൻലാലിനെ നായകനും പദ്മരാജനെ വില്ലനുമാക്കി 1990 ൽ ഡെന്നിസ് കഥയെഴുതി സംവിധാനം ചെയ്യാനിരുന്ന പടം നിർഭാഗ്യവശാൽ വെളിച്ചം കണ്ടില്ല. അഭിനയിക്കാൻ ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചിട്ടും ഒടുവിൽ പിന്മാറുകയായിരുന്നു കഥയുടെ രാജകുമാരൻ. സംഗീതപ്രധാനമായ ആ ക്രൈം സ്റ്റോറി പിന്നീട് സിനിമയാക്കാൻ ഡെന്നിസ് മിനക്കെട്ടതുമില്ല.

എങ്കിലും  വയലിൻ ഇതിഹാസമായ വി എസ്  നരസിംഹന്റെ സംഗീതസംവിധാനത്തിൽ ജി വേണുഗോപാലിന്റെ ശബ്ദത്തിൽ രണ്ടു പാട്ടുകൾ ഈ പടത്തിന് വേണ്ടി റെക്കോർഡ് ചെയ്യപ്പെട്ടു. ക്ലാസ്സിക് പരിവേഷമുള്ള പാട്ടുകൾ.  മീഡിയ ആർട്ടിസ്റ്റ്സ് സ്റ്റുഡിയോയിൽ ഗാനങ്ങളുടെ ശബ്ദലേഖനം നിർവഹിച്ചത് ശ്രീധർ. എസ് പി ബിയ്ക്ക് പാടാൻ ഒരുഗ്രൻ അർദ്ധശാസ്ത്രീയ ഗാനവുമുണ്ടായിരുന്നു സിനിമയിൽ. റെക്കോഡിംഗ് നടന്നെങ്കിലും പടം തുടങ്ങിയതേയില്ല, പാട്ടുകൾ ആരും കേട്ടതുമില്ല.

സുബിൻ മേത്തയെ പോലെ ഇതിഹാസതുല്യനായ ഒരു സംഗീതജ്ഞന്റെ വേഷമാണ് അച്ഛന് വേണ്ടി പടത്തിൽ ഡെന്നിസ് ഒരുക്കിയിരുന്നതെന്ന് പദ്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപദ്മനാഭൻ. ആൾ അസാമാന്യ പ്രതിഭാശാലി ആണെങ്കിലും നെഗറ്റിവ് ഷെയ്ഡ് ഉള്ള ക്യാരക്ടറാണ്. ഡെന്നിസിന്റെ വാക്കുകൾ കേൾക്കുക: " വലിയ സംഗീതജ്ഞൻ അമേരിക്കയിൽ ഒരു കച്ചേരിക്ക് പോകുന്നതും അവിടെ വെച്ച് അദ്ദേഹത്തെ കാണാതാവുന്നതും പിന്നീട് പത്തിരുപത് വർഷങ്ങൾക്ക് ശേഷം ആ മനുഷ്യനെ കൊച്ചുമകൻ തേടിപ്പോകുന്നതുമാണ് കഥ. മോഹൻലാലാണ് കൊച്ചുമകൻ. മുത്തച്ഛൻ നെടുമുടി വേണുവും.

"കൊച്ചുമകൻ തേടിപ്പോകുന്നതിന് കാരണം മുത്തച്ഛന്റെ ശൈലിയിലുള്ള പാശ്ചാത്യ സംഗീതം ഒരു മ്യൂസിക് ഡയറക്ടറുടെ കോമ്പസിഷനിൽ കേൾക്കാനിടവരുന്നു എന്നതാണ്. സംഗീത മോഷ്ടാവിനായുള്ള അന്വേഷണം എത്തിച്ചേരുന്നത് ഇന്ത്യൻ വംശജനായ ഒരു പാശ്ചാത്യ സംഗീതജ്ഞനിൽ. 500 പീസ് ഓർക്കസ്ട്രയൊക്കെ വെച്ച് ഭീകരമായി സംഗീതമൊരുക്കുന്ന ഒരു ക്രിമിനൽ ജീനിയസ്. ന്യൂയോർക്ക് ഫിൽഹാർമണിക് ഓർക്കസ്ട്ര പോലുള്ള ഇടങ്ങളിലെ പ്രമുഖൻ.." (നിറക്കൂട്ടുകളില്ലാതെ -- ഡെന്നിസ്).

കൂർമ്മബുദ്ധിയായ ആ വില്ലന്റെ റോളാണ് ഡെന്നിസ് "പുതുമുഖ"മായ പദ്മരാജന്  കണ്ടുവെച്ചത്. ആദ്യം ചെന്ന് കാര്യം പറഞ്ഞപ്പോൾ വരട്ടെ, നോക്കാം എന്ന മനോഭാവമായിരുന്നു കഥാപുരുഷന് എന്ന് ഡെന്നിസ്. പിന്നീട് സമ്മതം വിളിച്ചറിയിക്കുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം  തന്നെ പദ്മരാജന്റെ മറ്റൊരു കോൾ: "എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല." - അദ്ദേഹം പറഞ്ഞു. "ആദ്യം നീ പറഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് തോന്നി. എന്നാൽ പിന്നെ ആലോചിച്ചപ്പോൾ ആദിമദ്ധ്യാന്തമുള്ള ഒരു വില്ലൻ റോൾ ഏറ്റെടുക്കാൻ ഭയം. എന്നെ ഒഴിവാക്കണം..."
 
അതേ റോളിലേക്ക് പിന്നീട് കുൽഭൂഷൺ ഖർബന്ധ എന്ന ബോളിവുഡ് നടനെ നിശ്ചയിച്ചെങ്കിലും പടം നടക്കാതെ പോയതിനാൽ കഥാപാത്രവും ചരിത്രത്തിന്റെ ഭാഗമായി. തിരക്കഥ മുഴുവൻ എഴുതിക്കഴിഞ്ഞ ശേഷം ഉപേക്ഷിക്കപ്പെട്ട പടം. അത്രയും വിശാലമായ കാൻവാസിൽ അമേരിക്കയിൽ വെച്ച് ചിത്രീകരിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തായിരുന്നു പിന്മാറ്റം. പകരം ലാലിനെ നായകനാക്കി മറ്റൊരു പടമാണ്  ഡെന്നിസ് വഴിയേ ചെയ്തത്: അപ്പു (1990).

അതിനു മുൻപ് "അസ്തി" (1983) എന്നൊരു പടത്തിലും നായകനായി അഭിനയിക്കാൻ പദ്മരാജന് ക്ഷണം ലഭിച്ചിരുന്നുവെന്ന് മകൻ. എഡിറ്റർ രവി സംവിധാനം ചെയ്ത പടത്തിൽ അഭിനയിക്കാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും പദ്മരാജൻ വഴങ്ങിയില്ല. രണ്ടു പടങ്ങളിലും അച്ഛൻ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല എന്ന് കൂട്ടിച്ചേർക്കുന്നു അനന്തപദ്മനാഭൻ. പിന്നീട് റോണി വിൻസന്റ് ആണ് "അസ്തി"യിൽ  ആ റോൾ ചെയ്തത്.

ആഗോള സംഗീതലോകത്തെ കഴുത്തറുപ്പൻ മത്സരങ്ങൾ പശ്ചാത്തലമാക്കി സംവിധാനം ചെയ്യാനിരുന്ന പടത്തിന്റെ സംഗീത സംവിധായകനായി വി എസ്  നരസിംഹനെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു ഡെന്നിസ്. ഇളയരാജയുടെ വിശ്വസ്ത വയലിനിസ്റ്റ് ആണ് വി എസ് എൻ. സിംഫണി ഓർക്കസ്ട്രകൾക്കൊക്കെ വായിച്ച പരിചയവുമുണ്ട്. കർണ്ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ അവഗാഹമുള്ള  ജീനിയസ്. മലയാളത്തിൽ അതിനു മുൻപ് ജേസിയുടെ ഈറൻ സന്ധ്യ  (1985) എന്ന പടത്തിന് സംഗീത സംവിധാനം നിർവഹിച്ചിരുന്നു നരസിംഹൻ. ആ പടത്തിലേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്തതും ഡെന്നിസ് തന്നെ. പിൽക്കാലത്ത് കൈതപ്രത്തിന്റെ രചനയിൽ "സൂര്യപുത്രികൾ" എന്നൊരു പടത്തിനു പാട്ടൊരുക്കി വി എസ് എൻ.

എങ്കിലും വെളിച്ചം കാണാതെ പോയ ഡെന്നിസ് ചിത്രത്തിലെ നരസിംഹന്റെ സൃഷ്ടികൾ ആരും കേൾക്കാതെ പോയല്ലോ എന്നോർക്കുമ്പോൾ ദുഃഖം. ചില പാട്ടുകളുടെ തലവിധി അതാണ്. വേണുവിന്റേയും ഓർമ്മകളിലേയുള്ളൂ ആ ഗാനങ്ങൾ.
 

Content Highlights: malayalam cinima Mohanlal as the hero Padmarajan as the villain