പ്രതിമ കണ്ടവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു 'ഇത് മുരളിയല്ല'; ശില്പിക്ക് നല്കിയ 5.70 ലക്ഷവും എഴുതിത്തള്ളി

വെങ്കലം ഉള്‍പ്പെടെ അതിമനോഹരസിനിമകള്‍ അനശ്വരമാക്കിയ നടന് മുരളിയെ മരണം കൊണ്ടുപോയെങ്കിലും എല്ലാവരുടെയും മനസ്സിലുണ്ട് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വെങ്കലപ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞു: 'ഇത് മുരളിയല്ല'. ഒടുവില്‍ പ്രതിമ നിര്‍മാണം ഉപേക്ഷിക്കുന്നതിലും ചെലവ് എഴുതിത്തള്ളുന്നതിലുമെത്തി കാര്യങ്ങള്‍.
2009-ല്‍ സംഗീതനാടക അക്കാദമി ചെയര്‍മാനായിരിക്കെ അന്തരിച്ച മുരളിയുടെ, കരിങ്കല്ശില്പം അക്കാദമിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആക്ഷേപം തീര്‍ക്കാനാണ് വെങ്കലത്തില്‍ മറ്റൊന്നായാലോ എന്ന ആലോചന വന്നതും ഒരുശില്പിയുമായി കരാര്‍ ഉണ്ടാക്കിയതും. ശില്പം അക്കാദമി വളപ്പിലെ തുറസ്സരങ്ങിനുസമീപം സ്ഥാപിക്കാനായിരുന്നു പരിപാടി. പ്രതിമയുടെ കലാരൂപപരമായ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജിനെയും ചുമതലപ്പെടുത്തി. പ്രതിമയുടെ മോള്‍ഡിനുള്ള മാതൃക മുരളിയുമായി രൂപസാദൃശ്യമില്ലാത്തതാണെന്നു നേമം പുഷ്പരാജ് സാക്ഷ്യപ്പെടുത്തി. രൂപമാറ്റത്തിന് നിരവധിതവണ ആവശ്യപ്പെട്ടു. ഫലമില്ലാതായതോടെ നിര്‍മാണം നിര്‍ത്തിവെക്കാനും പണം തിരിച്ചടയ്ക്കാനും ശില്പിയോട് അക്കാദമി ആവശ്യപ്പെടുകയും ചെയ്തു.
അനുവദിച്ചതിലും കൂടുതല്‍ തുക പ്രാഥമിക ചെലവിന് വേണ്ടിവന്നതിനാലും മറ്റു വരുമാനമാര്‍ഗമൊന്നും ഇല്ലാത്തതിനാലും 5,70,000 രൂപ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു അക്കാദമിയോട് ശില്പിയുടെ അപേക്ഷ. 2022 ജൂലായില്‍ നിര്‍വാഹകസമിതി യോഗം ശില്പിയുടെ അപേക്ഷ സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടു. ഫെബ്രുവരി പത്തിന് സര്‍ക്കാര്‍ അനുമതി നല്കി. 5,70,000 രൂപ എഴുതിത്തള്ളാനും നഷ്ടം അക്കാദമി വഹിക്കാനും വകുപ്പ് ഉത്തരവിട്ടു.
മുരളിയുടെപേരില് അക്കാദമിയില്‍ ഇപ്പോഴൊരു തിയേറ്റര്‍ ഉണ്ട്. കൊട്ടാരക്കരയ്ക്കടുത്ത് ജന്മനാടായ കുടവട്ടൂരില്‍ നാടക പഠനകേന്ദ്രം ഒരുക്കുമെന്നു ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയായിരുന്ന എം.എ. ബേബിയുടെ താത്പര്യമായിരുന്നു ഇത്. എന്നാല്‍ യാഥാര്‍ഥ്യമായില്ല.
Content Highlights: making of actor murali sculpture failed again