മകരന്ദ് ദേശ്പാണ്ഡേ ‘വവ്വാലി’ലേക്ക്; അഭിമന്യു സിങ്ങിന് ശേഷം മറ്റൊരു ബോളിവുഡ് താരം കൂടി

മകരന്ദ് ദേശ്പാണ്ഡെ 'വവ്വാലി'ന്റെ ഭാഗമാവുന്നത് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍
മകരന്ദ് ദേശ്പാണ്ഡെ 'വവ്വാലി'ന്റെ ഭാഗമാവുന്നത് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍

ഷഹ്‌മോന്‍ ബി. പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്‍' സിനിമയുടെ പുതിയ അപ്‌ഡേഷന്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 'എമ്പുരാന്‍' ചിത്രത്തിലെ വില്ലന്‍ അഭിമന്യു സിങ് ആണ് ചിത്രത്തിലേക്ക് ആദ്യമായി വന്നത്. ഇപ്പോഴിതാ രണ്ടാമതായി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരത്തെക്കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പെര്‍ഫോമര്‍മാരില്‍ ഒരാളായ മകരന്ദ് ദേശ്പാണ്ഡെയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്. മലയാളത്തില്‍ 'ആമേന്‍', 'ടു കണ്‍ട്രീസ്', 'പുലിമുരുകന്‍', 'വോയ്സ് ഓഫ് സത്യനാഥന്‍' എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മകരന്ദ് മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ്.

അന്യഭാഷകളില്‍ നിറസാന്നിധ്യമായ അദ്ദേഹം 'വവ്വാലി'ല്‍ ഞെട്ടിക്കുന്ന ഷെയ്ഡുകളില്‍ ആണ് എത്തുന്നത്. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വ്വവാലി'ന്റെ മറ്റുകഥാപാത്രങ്ങളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.

ഏറെ ശ്രദ്ധനേടിയ 'കെങ്കേമം' എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോന്‍ ഒരുക്കുന്ന വവ്വാല്‍ ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റില്‍ നല്‍കുന്നുണ്ട്. മനോജ് എം.ജെ. ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലാണ്. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

എഡിറ്റര്‍: ഫൈസല്‍ പി. ഷഹ്‌മോന്‍, സംഗീതം: ജോണ്‍സണ്‍ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ മാത്യു, മേക്കപ്പ്: സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍: ഭക്തന്‍ മങ്ങാട്, സംഘടനം: നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്: ആഷിഖ് ദില്‍ജിത്ത്, പിആര്‍ഒ: സതീഷ് എരിയാളത്ത്, സ്റ്റില്‍സ്: രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.

Content Highlights: Renowned actor Makarand Deshpande joins the cast of `Vavval`, directed by Shahmon B Parelil. He`s known for his impactful roles in Malayalam cinema. The film promises thrilling shades and a mysterious narrative