സമരത്തിനെത്തുന്നത് മദ്യത്തിനും ഭക്ഷണത്തിനും വേണ്ടിയെന്ന ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ്

#സ്വന്തം ലേഖകന്‍
മേജർ രവി | Photo: Facebook/ Major Ravi
മേജർ രവി | Photo: Facebook/ Major Ravi

കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളേക്കുറിച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സംവിധായകനും ബി.ജെ.പി. നേതാവുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. സമരത്തിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിളയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മേജർ രവി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ നടത്തിയ ലൈവ് വീഡിയോയിൽ, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ.യുടെ പൂർണരൂപം പോലും അറിയില്ലെന്ന് ആരോപിച്ചു. രാത്രികാലങ്ങളിൽ സമരപ്പന്തലിൽ മോശം പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും സൗജന്യ ഭക്ഷണത്തിനും മദ്യത്തിനും വേണ്ടിയാണ് കുട്ടികൾ പങ്കെടുക്കുന്നതെന്നും മാന്യരായ ആൺകുട്ടികളോ പെൺകുട്ടികളോ ഈ സമരത്തിൽ പങ്കെടുക്കില്ലെന്നും ആരോപിച്ചതായി നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.

പതിനെട്ട് വയസ്സിൽ താഴെയുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് യാതൊരു വസ്തുതയുമില്ലാത്ത ഇത്തരം പരാമർശങ്ങൾ നടത്തിയത്. ഇത് അവരുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചു. സിവിൽ, ക്രിമിനൽ നടപടികൾക്ക് പുറമെ, പോക്സോ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്ത അപകീർത്തികരമായ ലൈവ് വീഡിയോയും അനുബന്ധ ഉള്ളടക്കങ്ങളും ഉടനടി നീക്കംചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും സമ്മതിച്ച് അതേ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും നിരുപാധികം പരസ്യമായി മാപ്പ് പറയണം. വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിക്കകണം. പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. നോട്ടീസ് ലഭിച്ച് അഞ്ചു ദിവസത്തിനകം ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും മറ്റ് നിയമങ്ങൾ പ്രകാരവും കേസ് ഫയൽ ചെയ്യുമെന്നും വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

സമരത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ പങ്കുവെച്ച ഫെയ്സ്ബുക്ക് ലൈവിൽ മേജർ രവി ആരോപിച്ചിരുന്നു. 'സമരത്തിൽ പങ്കെടുത്തവരിൽ കുട്ടികളല്ല, കൂടുതലും കുട്ടന്മാരാണ്. ടി.വിയിൽ മുഖം കാണിക്കാനാണ് കേരളത്തിൽനിന്ന് ഉൾപ്പെടെ സെലിബ്രിറ്റികൾ സമരത്തിൽ പങ്കെടുക്കുന്നത്. പ്രക്ഷോഭത്തിന് പോയിരിക്കുന്ന പലർക്കും നീറ്റ് എന്താണെന്നുപോലും അറിയില്ല. സിബിഎസ്ഇയുടെ ഫുൾഫോം പോലും അറിയാത്തവരാണ് അവിടെയുള്ളത്. തുടക്കം അമേരിക്കയിൽനിന്നുള്ള സോറോസിന്റെ ഫണ്ടിങ്ങിൽനിന്നാണ്. ഇത് ഫോറിൻ ഫണ്ടഡ് ആയിട്ടുള്ള ഒരു പ്രക്ഷോഭമാണ്. അവിടെ പ്രതിഷേധിക്കാൻ വന്നവർക്ക് ഒരു എലിജിബിലിറ്റിയുമില്ല. സൗജന്യ ഭക്ഷണത്തിനും മദ്യത്തിനും വേണ്ടിയാണ് പലരും അവിടെയുള്ളത്' തുടങ്ങിയ ആരോപണങ്ങളാണ് മേജർ രവി സമരത്തിനെതിരെ ഉന്നയിച്ചത്.

Content Highlights: Film director and BJP leader Major Ravi has received a legal notice for allegedly making defamatory remarks against students protesting at Jantar Mantar. The notice was sent by Supreme Court advocate Vineeth S Varkalavila on behalf of Malavika R. Theekkadan, a 12th-standard student who participated in the protest. Major Ravi claimed in a Facebook Live video that students joined the protest only for free food and alcohol, accusing the agitation of being foreign-funded. The legal notice demands the immediate removal of the controversial video, an unconditional public apology, and ₹10 lakh in compensation for damaging the students' reputation. If he fails to comply within five days, legal action will be initiated under the Bharatiya Nyaya Sanhita, POSCO Act, and civil law