ഒടുവിൽ 'കൂലി'ക്കെതിരായ വിമർശനങ്ങൾ അംഗീകരിച്ച് ലോകേഷ് കനകരാജ്; 'അടുത്തചിത്രത്തിൽ തിരുത്താൻശ്രമിക്കാം'

സംവിധായകൻ ലോകേഷ് കനകരാജും രജനീകാന്തും ഒന്നിച്ചപ്പോൾ പിറന്ന ചിത്രമാണ് കൂലി. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രം പക്ഷേ വലിയ വിമർശനങ്ങളാണ് നേരിട്ടത്. ചിത്രത്തിന്റേത് ദുർബലമായ തിരക്കഥയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിച്ചത്. ഇപ്പോഴിതാ, കൂലിയുടെ രചയിതാവ് കൂടിയായ സംവിധായകൻ വിമർശനങ്ങളെ അംഗീകരിക്കുകയാണ്.
'കൂലിക്കെതിരെ ആയിരക്കണക്കിന് വിമർശനങ്ങളാണ് ഉയർന്നത്. അതെല്ലാം എന്റെ അടുത്ത ചിത്രത്തിൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇത്രയധികം വിമർശനങ്ങൾ വന്നപ്പോഴും രജനീകാന്ത് സാറിനുവേണ്ടി ജനങ്ങൾ ചിത്രം കണ്ടു. ചിത്രം 500 കോടി കളക്ട് ചെയ്തുവെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. എല്ലാവർക്കും നന്ദി.' -ഇതാണ് ലോകേഷ് കനകരാജ് പറഞ്ഞത്. മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂലിക്കെതിരായ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ നേരത്തേ ലോകേഷ് വ്യത്യസ്തമായാണ് പ്രതികരിച്ചത്. ആളുകൾക്ക് തന്നിലുള്ള വലിയ പ്രതീക്ഷകൾക്കനുസരിച്ച് താൻ തിരക്കഥയെഴുതിയിട്ടില്ല എന്നാണ് സെപ്റ്റംബറിൽ കോയമ്പത്തൂരിൽവെച്ച് ലോകേഷ് പറഞ്ഞത്. താൻ എഴുതുന്നത് ആളുകളുടെ പ്രതീക്ഷയെ നിറവേറ്റുന്നതാണെങ്കിൽ നല്ലതാണ്. അല്ലെങ്കിൽ താൻ വീണ്ടും ശ്രമിക്കുമെന്നുമാണ് അന്ന് ലോകേഷ് കനകരാജ് പറഞ്ഞത്.
Content Highlights: Director Lokesh Kanagaraj has finally accepted the criticism faced by Rajinikanth starrer Coolie after its release. He stated that audience feedback will help him improve his future films.