കൈതി 2, വിക്രം 2, റോളക്സ്; LCU തീർന്നിട്ടില്ല, എനിക്ക് ഒറ്റയ്ക്ക് അവസാനിപ്പിക്കാൻ പറ്റില്ല- ലോകേഷ്

#Movies Desks
ലോകേഷ് കന​ഗരാജ് | ഫോട്ടോ: twitter.com/MemesChennai
ലോകേഷ് കന​ഗരാജ് | ഫോട്ടോ: twitter.com/MemesChennai

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽ.സി.യു.) അവസാനിച്ചിട്ടില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. എൽ.സി.യുവിൽനിന്ന് പെട്ടെന്ന് ഒരുദിവസം തനിക്ക് പിന്മാറാൻ കഴിയില്ലെന്ന് ലോകേഷ് വ്യക്തമാക്കി. അല്ലു അർജുനോടൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം എൽ.സി.യു. സിനിമകളിലേക്ക് തിരികെവരുമെന്നും ലോകേഷ് പറഞ്ഞു. നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഡിസി' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

'എൽ.സി.യു. അവസാനിച്ചു എന്ന രീതിയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. സ്വന്തം നിർമാണക്കമ്പനിയായ ജി സ്ക്വാഡ് പൂട്ടിപ്പോയാലും എൽ.സി.യു. ഞാൻ അവസാനിപ്പിക്കില്ല. ആ പേരുപോലും ഞാൻ നൽകിയതല്ല. സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരിട്ടതാണ്. ഞാൻ അത് സ്വീകരിക്കുകയായിരുന്നു', ലോകേഷ് പറഞ്ഞു.

എൽ.സി.യുവിൽനിന്നുള്ള പിന്മാറ്റം തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയില്ലെന്ന് ലോകേഷ് വ്യക്തമാക്കി. 'പെട്ടെന്ന് ഒരുദിവസം വന്ന് ഇനി എൽ.സി.യു. സിനിമകൾ ചെയ്യില്ലെന്ന് പറയാൻ കഴിയില്ല. കൈതി 2, വിക്രം 2, വിക്രത്തിലെ സൂര്യയുടെ കഥാപാത്രം റോളക്‌സ് നായകനായെത്തുന്ന ചിത്രം എന്നിവ എന്റെ പരിഗണനയിലുള്ള ചിത്രങ്ങളാണ്. എൽ.സി.യു. തീർന്നിട്ടില്ല, ഉറപ്പായും തുടരും. അല്ലു അർജുൻ സാറിന്റെ ചിത്രം പൂർത്തിയാക്കിയ ശേഷം ഞാൻ എൽ.സി.യു. പ്രൊജക്ടുകളിലേക്ക് തിരികെവരും. എന്റെ ബാനറിൽ നിർമിക്കുന്ന ബെൻസ് എൽ.സി.യു.വിന്റെ ഭാഗമാണ്', ലോകേഷ് വെളിപ്പെടുത്തി.

2019-ൽ കാർത്തി നായകനായ 'കൈതി' എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് കമൽ ഹാസന്റെ 'വിക്രം' (2022), വിജയ് നായകനായ 'ലിയോ' (2023) എന്നീ ചിത്രങ്ങളിലൂടെ ഫ്രാഞ്ചൈസി കൂടുതൽ വിപുലീകരിക്കപ്പെട്ടു. തമിഴ് സിനിമയിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നാണ് എൽ.സി.യു.

നിലവിൽ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന 'ഡിസി' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലോകേഷ്. ജൂലൈ 31-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇതിന് ശേഷമായിരിക്കും അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രത്തിന്റെ സംവിധാനത്തിലേക്ക് ലോകേഷ് കടക്കുക.

Content Highlights: Director Lokesh Kanagaraj has firmly dismissed widespread rumors suggesting the end of the Lokesh Cinematic Universe (LCU). Speaking at a promotional event for his acting debut film 'DC', he stated that he cannot abruptly exit or dismantle the franchise on his own. The director confirmed that highly anticipated projects like Kaithi 2, Vikram 2, and a standalone movie for Surya's character Rolex are actively under consideration. He revealed that he will officially return to directing LCU films immediately after completing his upcoming action project with superstar Allu Arjun. Additionally, Lokesh mentioned that the film 'Benz', produced under his banner G Squad, will also officially be a part of the expanding LCU timeline