'ഇത് നിനക്കുള്ളതാണ് നിം, നീയില്ലാതെ ലോക സംഭവിക്കില്ലായിരുന്നു'; നിമിഷ് രവിയെ അഭിനന്ദിച്ച് അഹാന

അഹാന കൃഷ്ണ, നിമിഷ് രവിക്കൊപ്പം അഹാന | ഫോട്ടോ: Instagram
അഹാന കൃഷ്ണ, നിമിഷ് രവിക്കൊപ്പം അഹാന | ഫോട്ടോ: Instagram

ലോക: ചാപ്റ്റർ 1-ചന്ദ്ര എന്ന ചിത്രത്തിന്റെ വിജയത്തിൽ സംവിധായകൻ ഡൊമിനിക് അരുണിനേയും ഛായാഗ്രാഹകൻ നിമിഷ് രവിയേയും അഭിനന്ദിച്ച് നടി അഹാന കൃഷ്ണ. നല്ല സിനിമയൊരുക്കണം എന്ന ചിന്തയിലാണ് ഡൊമിനിക്കും നിമിഷും മുഴുകിയിരുന്നതെന്ന് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു. ലോകയുടെ വരും ഭാഗങ്ങളിൽ ഇരുവരും എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് താനെന്നും അഹാന പറഞ്ഞു. മറ്റൊരു സ്റ്റോറിയിൽ നിമിഷ് രവിയെ പ്രത്യേകമായി അഭിനന്ദിച്ചിട്ടുമുണ്ട് താരം.

ഏകദേശം നാലുവർഷം മുൻപാണ് ഡൊമിനിക് ‘ലോക’യുടെ കഥ തന്നോട് പറഞ്ഞതെന്ന് അഹാന കൃഷ്ണ കുറിച്ചു. അന്നുമുതൽ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള വലിയ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി ഡൊമിനിക്കും നിമിഷും നിരന്തരം പ്രവർത്തിക്കുന്നതാണ് താൻ കാണുന്നത്. ഒരു നല്ല സിനിമ നിർമിക്കണം എന്ന ചിന്തയിലാണ് അവർ സദാ മുഴുകിയിരുന്നത്. ഡൊമിനിക്കും നിമിഷും തമ്മിലുള്ള സൗഹൃദവും സഹവർത്തിത്വവുമാണ് ഈ ഇ‍ൻഡസ്ട്രിയൽ ഹിറ്റിന്റെ അടിസ്ഥാനമെന്നും അഹാന അഭിപ്രായപ്പെട്ടു.

‘ഇത് നിനക്കുള്ളതാണ് നിം’ എന്നാണ് ഛായാഗ്രാഹകനെ അഭിനന്ദിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയാ സ്റ്റോറിയിൽ അഹാന എഴുതിയിരിക്കുന്നത്. "ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്താൽ ഏതൊരാളും ക്ഷീണിക്കും. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിന്റെ എല്ലാ സിനിമകളുടെയും ഷൂട്ടിന് ശേഷം ‍നീ ഡൊമിനിക്കിനെ വിളിക്കുമായിരുന്നു. നിങ്ങൾ സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. എത്ര തിരക്കിലായാലും ക്ഷീണിതനായാലും നീയും ഡൊമിനിക്കും 'ലോക'യെപ്പറ്റി ചർച്ച ചെയ്യുമായിരുന്നു.

ഡൊമിനിക്കിന്റെ സ്വപ്നത്തിന് വേണ്ടി ഒരു ഛായാഗ്രാഹകന്റെ പരിമിതികൾക്കപ്പുറകത്തേക്ക് നീ സഞ്ചരിച്ചതിൽ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ഈ സിനിമ ഇന്ന് കാണുന്ന നിലയിലെത്തിയതിന്റെ കാരണങ്ങളിലൊന്ന് നീയാണ് എന്നതിലും ഞാൻ അഭിമാനിക്കുന്നു. നീയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു. അതെന്തുകൊണ്ടാണെന്ന് അറിയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. നിങ്ങൾ ചെയ്യുന്ന ജോലിയിലേക്ക് ജീവനും ആത്മാവും കൊണ്ടുവരിക. ഹൃദയത്തിൽ നിന്ന് സിനിമ നിർമിക്കുക." അഹാന കൂട്ടിച്ചേർത്തു.


275 കോടിയാണ് ലോക'യുടെ ഇതുവരെയുള്ള കളക്ഷൻ. ചിത്രം ഇൻഡസ്ട്രി ഹിറ്റായെന്ന് നിർമാതാക്കൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി.

Content Highlights: Ahaana Krishna lauds director Dominic Arun and cinematographer Nimish Ravi for the success of Lokah: Chapter 1. She highlights their dedication and collaboration.