തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ട് 'ലോക'; ചരിത്രം കുറിച്ച് വേഫെറര്‍ ഫിലിംസ് ചിത്രം

മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമായ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' തിയേറ്ററുകളില്‍ 100 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തില്‍ വളരെ അപൂര്‍വമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്ളെക്സ് സ്ക്രീനുകളില്‍ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആര്‍ ഫോറം മാള്‍, പിവിആര്‍ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്സി എന്നിവിടങ്ങളില്‍ ആണ് ചിത്രം 100 ദിവസം പ്രദര്‍ശിപ്പിച്ചത്. കോവിഡ് കാലഘട്ടത്തിന് ശേഷം ഒന്നില്‍ അധികം സ്ക്രീനുകളില്‍ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് 'ലോക'.
തിയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയം സ്വന്തമാക്കിയ 'ലോക' മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ്. ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍.
ഒക്ടോബര്‍ 31-നു ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീരപ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്ശന്, നസ്ലിന് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടിയില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ കൂടാതെ മറാഠി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്ന് മാത്രം 121 കോടിക്ക് മുകളില്‍ കളക്ഷന്‍ ആണ് ചിത്രം നേടിയത്.
അഞ്ചുഭാഗങ്ങളുള്ള മെഗാഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യഭാഗമായാണ് 'ലോക' എത്തിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന് എന്നിവരും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ് എന്നിവര്‍ അതിഥി താരങ്ങളായും തിളങ്ങി. 'ലോക' കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ്.
പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പര്‍ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ' ലോക: ചാപ്റ്റര്‍ 2'-ല്‍ ടൊവിനോ തോമസ് ആണ് നായകന്.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക് ബെന്‍, പ്രൊജക്ട് ഹെഡ്: സുജയ് ജെയിംസ്, ദേവ ദേവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: റിനി ദിവാകര്‍, വിനോഷ് കൈമള്‍, മാര്‍ക്കറ്റിങ് ഹെഡ്: വിജിത് വിശ്വനാഥന്, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍.
Content Highlights: 'Lokah' Achieves 100-Day Theatrical Run, Setting New Milestones