ഷെയ്നിന്റെ 'ലിറ്റിൽ ഹാർട്സ്' ഒടിടിയിൽ എത്തി; മനോരഥങ്ങളും തലവനും പിന്നാലെ, ഇനിയുമേറെ

ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും പ്രധാന വേഷത്തിലെത്തുന്ന 'ലിറ്റിൽ ഹാർട്സ്' ഒടിടിയിലെത്തി. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്ര തോമസ്സും വിൽസൺ തോമസ്സും നിർമിച്ച ചിത്രം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്നാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ രണ്ട് കുടുംബങ്ങളിൽ അരങ്ങേറുന്ന വ്യത്യസ്ഥമായ പ്രണയത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ബാല്യകാല സുഹൃത്തുക്കളായ ഇവർ ഒരു ഘട്ടത്തിൽ തങ്ങളുടെ പ്രണയം തിരിച്ചറിയുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.
നവാഗതനായ സംജാദിൻ്റെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ കുറ്റാന്വേഷണ ത്രില്ലർ 'ഗോളം' ഒടിടിയിലെത്തി. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓഗസ്റ്റ് 15-ന് ചിത്രം റിലീസ് ചെയ്യും.
പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയൻ ആണ്. ബിജുമേനോൻ ആണ് ഇതിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്.
ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ്ഫാസിൽ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. കടൽക്കാറ്റ് എന്ന സിനിമ രതീഷ് അമ്പാട്ട് ഇന്ദ്രജിത്തിനെയും അപർണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി ഒരുക്കി. ഇവർക്കൊപ്പം എം.ടി.യുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. അസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിൽ.
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ 'തലവൻ' ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ്വാണ് ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിങ്ങ് പാർട്ണർ. സെപ്റ്റംബർ 12 മുതൽ പ്രദർശനമാരംഭിക്കുമെന്നാണ് വിവരങ്ങൾ. മേയ് 24-ന് പുറത്തിറങ്ങിയ തലവന് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണിത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്.
'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന 'ഗർർർ...' ഈ മാസം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രഭാസ് നായകനായെത്തുന്ന 'കൽക്കി'യും ഓഗസ്റ്റിൽ ഒടിടി റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്.
Content Highlights: little hearts manoradhangal thalavan ott release