‘തലയ്ക്ക് മുകളിലൂടെ മിസൈലുകളും ഫൈറ്റർ ജെറ്റുകളും, വീട് കുലുങ്ങി, എന്നിട്ടും സുരക്ഷിതയാണെന്ന് തോന്നി’

അമേരിക്ക-ഇറാൻ സംഘർഷത്തിനിടയിൽ ദുബായിൽ കുടുങ്ങിയ അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി ലാറ ദത്ത. യുദ്ധസമാന സാഹചര്യം കാരണം താൻ ഏറെ മാനസിക സമ്മർദത്തിലാണെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. ദുബായിൽ താമസിക്കുന്ന മറ്റുരാജ്യങ്ങളിൽനിന്നുള്ളവരെ സഹായിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും യുഎഇ സർക്കാർ സ്വീകരിക്കുന്ന ശ്രമങ്ങൾക്ക് ലാറ ദത്ത നന്ദി പറഞ്ഞു. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവിശ്വസനീയമാണെന്നും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
കഴിഞ്ഞമൂന്ന് വർഷമായി ഇന്ത്യയിലും ദുബായിലുമായാണ് ലാറ ദത്ത ജീവിക്കുന്നത്. ഭർത്താവും മുൻ ടെന്നീസ് താരവുമായ മഹേഷ് ഭൂപതി ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരിടത്താണ്. ഒരു ബ്രാൻഡ് സംബന്ധമായ ആവശ്യത്തിനായി ദുബായിലെത്തിയപ്പോഴാണ് സംഘർഷസാഹചര്യം ആരംഭിച്ചതെന്ന് ലാറ ദത്ത വീഡിയോയിൽ പറഞ്ഞു. ദുബായിൽ താൻ ഒരുപാട് സമയം ചിലവഴിച്ചു. ഈ മാസം 28-ന് ദുബായിലെ സ്റ്റുഡിയോയിൽ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കേയാണ് സ്ഫോടനശബ്ദം കേൾക്കാൻ തുടങ്ങിയത്. പുറത്ത് മിസൈലുകൾ കണ്ടു. കുറച്ചുദിവസമായി സമ്മർദത്തിലായിരുന്നു. കാരണം മകൾ സൈറ മാത്രമാണ് കൂടെയുള്ളത്. ഭർത്താവ് മഹേഷ് ജോലി സംബന്ധമായി പുറത്താണെന്നും ലാറ പറഞ്ഞു.
"ധാരാളം വിമാനങ്ങൾ തലയ്ക്ക് മുകളിലൂടെ പറക്കുന്നു, ധാരാളം വലിയ ശബ്ദങ്ങൾ. ഞങ്ങൾ വളരെ സുരക്ഷിതമായ ഒരു വില്ലയിലാണ് താമസിക്കുന്നത്. ജനലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വീടും വാതിലുകളും കുലുങ്ങുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. പക്ഷേ സുരക്ഷിതയാണെന്നാണ് തോന്നിയത്." അവർ കൂട്ടിച്ചേർത്തു.
"യുഎഇ സർക്കാർ അവിശ്വസനീയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഓരോ വ്യക്തിയും ശരിക്കും ശ്രദ്ധിക്കപ്പെടുന്നു എന്ന് തോന്നി. ഞങ്ങൾക്ക് വിലയുണ്ടെന്ന് തോന്നി, സംരക്ഷിക്കപ്പെട്ടതായി തോന്നി. ഞങ്ങളെ സംരക്ഷിക്കാനും സുരക്ഷിതരായിരിക്കാനും സർക്കാർ അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നു. എന്റെ പൂന്തോട്ടക്കാരൻ എല്ലാ ദിവസവും വന്ന് പുൽത്തകിടി വെട്ടുകയും ചെടികൾ നനയ്ക്കുകയും ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഡെലിവെറി റൈഡർമാരും ജോലി ചെയ്യുന്നുണ്ട്. ഞങ്ങൾ ഫ്ലൈറ്റുകൾ നോക്കുകയാണ്; അധികമില്ല, പക്ഷേ എയർ ഇന്ത്യയും എമിറേറ്റ്സും പോലെ ചിലതുണ്ട്. മുംബൈയിലേക്ക് മടങ്ങാനുള്ള ഫ്ലൈറ്റുകളാണ് ഞങ്ങൾ നോക്കുന്നത്. കുട്ടികൾ ഇതിനെക്കുറിച്ച് കൂടുതൽ പരിഭ്രാന്തരാണെന്ന് ഞാൻ കരുതുന്നു. മുതിർന്നവരും അങ്ങനെതന്നെ. ഏതെങ്കിലും രീതിയിൽ പുറത്തുപോകാൻ ശ്രമിക്കുകയാണ്." അവർ കൂട്ടിച്ചേർത്തു."
കഴിഞ്ഞവർഷം ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ താൻ ഇന്ത്യയിലായിരുന്നെന്ന് ലാറ ദത്ത ഓർമിച്ചു. അന്ന് ഇന്ത്യ സ്വന്തം രാജ്യക്കാരെ സംരക്ഷിച്ചതുപോലെയാണ് ഇന്ന് യുഎഇ ഇപ്പോൾ ചെയ്യുന്നതെന്നും അവർ അഭിമാനിക്കുന്നു. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. ലാറ ദത്ത സുരക്ഷിതയാണെന്നറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് നടി റിച്ചാ ഛദ്ദ, നടൻ സുധാൻഷു പാണ്ഡേ എന്നിവരും പ്രതികരിച്ചു.
Content Highlights: Actor Lara Dutta is currently in Dubai and feels nervous due to the ongoing Middle East conflict., She witnessed missiles being intercepted and heard loud explosions while at a studio., Despite the fear, she praised the UAE government for making residents feel protected and safe., Lara is actively looking for flights to return to her home in Mumbai with her daughter Saira.