120 പേര്‍ വേണ്ടിടത്ത് 50 പേര്‍;സുനാമി ഷൂട്ടിങ് പൂര്‍ത്തിയായെന്ന് ലാല്‍

-
-

ഡ്രൈവിങ് ലൈസൻസിന്' ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'സുനാമി'യുടെ ഷൂട്ടിംഗ് പൂർത്തിയായി. ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച രണ്ടാംഘട്ട ചിത്രീകരണവും പൂർത്തിയാക്കിയെന്നു സംവിധായകൻ ലാൽ സോഷ്യൽമീഡിയയിൽ കുറിച്ചു.

ലാലിന്റെ കുറിപ്പ്

നമസ്കാരം,

അങ്ങനെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഇന്ന് ഞങ്ങൾ സുനാമി എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശ്ശൂരിൽ സുനാമിയുടെ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് മാർച്ച് അവസാനം വരെ നീണ്ട് നിൽക്കുന്ന വേണ്ടപ്പെട്ട കുറേപേർ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നതായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസിന്റെ ആഘാതം ഈ ലോകത്തെ തന്നെ പ്രതിസന്ധിയുടെ ഇരുട്ടിലേക്ക് തള്ളിവിട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളൂ. അങ്ങനെ ഷൂട്ടിംഗ് തീരാൻ 12 ദിവസം ബാക്കി നിൽക്കേ 2020 മാർച്ച് പകുതിയോടെ ഞങ്ങൾ സുനാമിയുടെ ചിത്രീകരണം നിർത്തിവെച്ചു. പിന്നീട് നടന്നതും സംഭവിച്ചതുമെല്ലാം നമ്മൾ ഓരോരുത്തർക്കും അറിയാവുന്നതാണ്. പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും സിനിമ.. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ പോരടിച്ച് തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്. ആ ധൈര്യത്തിൽ തന്നെ കിട്ടിയ ചങ്കൂറ്റം കൊണ്ടുതന്നെയാണ് കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഞങ്ങൾ തയ്യാറായതും.. വാക്കുകളിൽ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ട് മാറി വന്ന് ഈ സിനിമയ്ക്ക വേണ്ടി രാപ്പകലുകൾ അധ്വാനിച്ചതിന്... നൂറോ നൂറ്റിയിരുപതോ പേർ ചേർന്ന് ചെയ്യേണ്ട ജോലികൾ വെറും അമ്പത് പേരായി ചേർന്ന് നിന്ന് ചെയ്ത് തീർത്ത് ചരിത്രം സൃഷ്ടിച്ചതിന്...നന്ദി.. നന്ദി.. നന്ദി..!!!

ഇത് ഒരു തുടക്കമാവട്ടെ.. ഏത് മഹാമാരിക്ക് മുന്നിലും തളരാത്ത, തോറ്റു കൊടുക്കാത്ത അധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹത്തിന്റെ തുടക്കം.

പ്രതീക്ഷകളോടെ

ടീം സുനാമി

കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി.

സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് ഇപ്പോൾ രണ്ടംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. 50 പേർ മാത്രമാണ് ചിത്രീകരണത്തിൽ പങ്കെടുത്തത്. സെറ്റിൽ തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവയും ഉപയോഗിച്ചിരുന്നു.

പാണ്ടാ ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമ്മിച്ച് നടനും സംവിധായകനുമായ ലാൽ തിരകഥയെഴുതുന്ന സിനിമയാണ് 'സുനാമി'. ലാലിന്റെ മരുമകനാണ് അലൻ.

ബാലു വർഗീസ് നായകനായെത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രതീഷ് രാജാണ്. യാക്സൺ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് സുനാമിയുടെ സംഗീത സംവിധാനം.

Content Highlights :lal instagram post tsunami movie shoot completed jnr lal

Content Highlights: