‘ഭൂമീന്റെ ഉള്ളിന്റെയുള്ളിൽ’ ബാക്കിയായി വിജേഷും നാടകവും...

#സ്വന്തം ലേഖിക
വിജേഷ് കെ.വി | ഫോട്ടോ: പി.പി. ബിനോജ് \ മാതൃഭൂമി
വിജേഷ് കെ.വി | ഫോട്ടോ: പി.പി. ബിനോജ് \ മാതൃഭൂമി

കോഴിക്കോട്: ‘ഈ പെരുത്തഭൂമീന്റെ ഉള്ളിന്റെയുള്ളില്... ഒരു ചെറിയ ഭൂമീണ്ട്... ആ ഭൂമീന്റെ പേരാണ് നാടകം’ -പാടിയും പറഞ്ഞും പരിശീലിപ്പിച്ചും കെ.വി. വിജേഷ് ശ്വസിച്ചതത്രയും നാടകമായിരുന്നു. നാടകപ്രവർത്തകൻ, സംവിധായകൻ, അഭിനയപരിശീലകൻ, ഗാനരചയിതാവ് തുടങ്ങി ജീവിതത്തിൽ കെട്ടിയ വേഷങ്ങളെല്ലാം അഴിച്ചുവെച്ച് വിജേഷ് അപ്രതീക്ഷിതമായി മടങ്ങി. വെള്ളിയാഴ്ച എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേേജിൽ നാടകപരിശീലനത്തിനിടയിൽ കുഴഞ്ഞുവീണ വിജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുതിയറ സ്വദേശിയായ വിജേഷ് സ്കൂൾ പഠനകാലത്തുതന്നെ അരങ്ങിനെ പ്രണയിച്ചിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടകമേഖലയിൽ സജീവമാകുന്നത്. സ്കൂൾ, കോളേജ് വിദ്യാർഥികളെ സ്ഥിരമായി നാടകം പരിശീലിപ്പിച്ചു. ഒൻപതുവർഷമായി സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നത് വിജേഷാണ്. ഭാര്യയും നാടകപ്രവർത്തകയുമായ കബനിക്കൊപ്പം ‘തിയേറ്റർ ബീറ്റ്‌സ്’ എന്നപേരിൽ പരിശീലനക്യാമ്പുകൾ നടത്തിയിരുന്നു.

ഒന്നായ നാടകവും ജീവിതവും

‘‘ഇങ്ങനെ നാടകംകളിച്ച് നടന്നിട്ടെന്താ...’’ എന്ന ചോദ്യമുയർത്തുന്നവരുടെ മുന്നിലേക്കാണ് അതേവരികളുമായി, നാടകംതന്നെ പ്രമേയമാക്കി ‘ഡ്രാവോ’ എന്ന ദൃശ്യാവിഷ്കാരം ഒരുക്കിയത്. ആന്റൺ ചെഖോവിന്റെ ‘തടിച്ചവനും മെലിഞ്ഞവനും’, മോപ്പസാങ്ങിന്റെ ‘പിയാററ്റ്’ എന്നിവയെല്ലാം ഇത്തരത്തിൽ കാഴ്ചക്കാരെ ആകർഷിച്ചു.

നേരത്തേ തിരക്കഥയൊരുക്കി നാടകംചെയ്യുന്നതായിരുന്നില്ല വിജേഷിന്റെ രീതിയെന്ന് പ്രിയപ്പെട്ടവർ പറയുന്നു.‘വരകളിലൂടെയാണ് വിജേഷ് നാടകമൊരുക്കിയത്. അതിനുശേഷമാണ് അതിന് തിരക്കഥയുണ്ടാകുന്നത്...’ -സിൽവർഹിൽസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺ മണ്ണാറത്തറ പറഞ്ഞു.

സിനിമകൾക്കുവേണ്ടി അഭിനയപരിശീലനക്കളരികളും നടത്തി. ‘ഫിലിപ്‌സ് ആൻഡ് ദ മങ്കിപെന്നി’നുവേണ്ടി നടത്തിയ അഭിനയക്യാമ്പ് ശ്രദ്ധേയമായിരുന്നു. പ്രധാനകഥാപാത്രങ്ങൾ ഏഴ് കുട്ടികളായിരുന്നു. അഞ്ജലി മേനോന്റെ ‘മഞ്ചാടിക്കുരു’, മൈ ഗോഡ്, പുള്ളിമാൻ, കഥപറയുമ്പോൾ, ജിലേബി തുടങ്ങിയ സിനിമകൾക്കുവേണ്ടിയും പ്രവർത്തിച്ചു. ‘തകരച്ചെണ്ട’ സിനിമയിലെ ‘കുഞ്ഞു കുഞ്ഞു പക്ഷി’ പാട്ട് അദ്ദേഹത്തിന്റേതാണ്. നാടകങ്ങൾക്കുവേണ്ടി എഴുതിയ ശ്രദ്ധേയമായ പാട്ടുകളാണ് ‘പെരുത്ത ഭൂമിന്റെ ഉള്ളില്’, ‘നിങ്ങള് നിങ്ങളെ മാത്രം..’ എന്നിവയെല്ലാം.

സംസ്കാരം ഇന്ന്

പുതിയറയിലെ പരേതരായ വിജയന്റെയും രാജിയുടെയും മകനാണ് വിജേഷ്. ഭാര്യ കബനി സിൽവർഹിൽസ് സ്കൂളിലെ അധ്യാപികയാണ്. മകൾ: സൈറ. സഹോദരങ്ങൾ: രാജേഷ് (അശോകപുരം, ശ്രീകൃഷ്ണ സ്വീറ്റ്‌സ് ഹൗസ്), സജേഷ് (മലേഷ്യ). സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് പുതിയപാലം ശ്മശാനത്തിൽ.

Content Highlights: Remembering KV Vijesh, a passionate theatre artist, director, and acting trainer whose life was dedicated to drama. His sudden demise leaves a void in the arts community.