ചാക്കോച്ചൻ ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ, ഉപദ്രവിച്ചിട്ടില്ല, അദ്ദേഹത്തെ വിഷമിപ്പിക്കരുത് -മിമിക്രിതാരം സുനിൽരാജ്

കുഞ്ചാക്കോ ബോബനെക്കുറിച്ച് മിമിക്രി കലാകാരൻ സുനിൽരാജ് എടപ്പാൾ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയാ കുറിപ്പില്‍ വിവാദം. രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റേതായി വന്നിട്ടുള്ള പല സീനുകളും താനാണ് ചെയ്തതെന്ന സുനിൽരാജിന്റെ വെളിപ്പെടുത്തലാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ കുറിച്ചു. ഈ പോസ്റ്റ് പിന്നീട് സുനിൽ നീക്കംചെയ്തു. കുഞ്ചാക്കോ ബോബനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടെന്ന് സുനിൽരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചു.
'ഹൃദയഹാരിയായ പ്രണയകഥ'യിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടില്ലെന്ന തരത്തിൽ ചർച്ചകൾ വന്നതോടെയാണ് വിശദീകരണവുമായി സുനിൽരാജ് വീണ്ടും രംഗത്തെത്തിയത്. കുഞ്ചാക്കോ ബോബന് തിരക്കുള്ള സമയത്ത് ചില സജഷൻ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് രംഗങ്ങളാണ് താൻ ചെയ്തതെന്ന് സുനിൽ വീഡിയോയിൽ പറഞ്ഞു. താൻപോലും അറിയീതെ താനൊരു അധോലോകമായി മാറിയെന്ന് അദ്ദേഹം സ്വയം പരിഹസിക്കുകയാണ് വീഡിയോയിൽ. കുറേ പേർ തനിക്കെതിരെ നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"നേരത്തെ ഞാനും ചാക്കോച്ചനും ഒരുമിച്ച് വന്ന വേദിയിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി. ചാക്കോച്ചൻ വ്യക്തിപരമായി എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ടിട്ട്. അപ്പോള്‍ കുറെ പേര് ചോദിച്ചു അത് പൈസയായിട്ടാണോ അല്ലെങ്കിൽ ആശുപത്രി കേസിലാണോ എന്നൊക്കെ. അങ്ങനെയൊന്നുമല്ല എനിക്ക് ചെയ്തിട്ടുള്ള സഹായമാണ്, അദ്ദേഹം ഭയങ്കര ബിസി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് പോർഷൻസ് എന്നുവച്ചാൽ സജഷൻ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് സീക്വൻസ് എനിക്കൊരു സിനിമയിൽ ചെയ്യാൻ പറ്റി.
അദ്ദേഹം ആ സമയത്ത് അമേരിക്കയിൽ ആയിരുന്നു. അപ്പോൾ ആ സിനിമയിലേക്ക് എന്നെ നിർദേശിച്ചത് അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്. നിങ്ങളെ സംബന്ധിച്ച് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. കാരണം അദ്ദേഹത്തെ പോലൊരു നടൻ എന്റെ പേര് പറയുകയും അവരെന്നെ വിളിക്കുകയും ചെയ്യുക. എനിക്ക് ആ സിനിമയിൽ നല്ല കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ. ഒരു നടനെന്ന നിലയിൽ കിട്ടേണ്ട ഏറ്റവും വലിയ കാര്യങ്ങളും പിന്തുണയും എനിക്ക് അവർ തന്നു.
ചാക്കോച്ചൻ ചെയ്ത നല്ലൊരു ഉപകാരം മറ്റുള്ളവർ അറിയാൻവേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. പക്ഷെ അത് പുറത്തേക്ക് വന്നപ്പോഴേക്കും നെഗറ്റീവ് ആയി. ഓൺലൈൻ മീഡിയക്കാർ അത് വേറെ രീതിയില്‍ വളച്ചൊടിച്ചു. ‘ചാക്കോച്ചനെ കുറിച്ച് സുനിൽ രാജ് മനസ്സ് തുറക്കുന്നു’, ‘ചാക്കോച്ചനെ കുറിച്ച് രഹസ്യങ്ങൾ പറയുന്നു’ അങ്ങനെ എന്തൊക്കെയോ കുറെ പേര് എനിക്ക് അയച്ചു, കാണാൻ പറ്റിയിട്ടില്ല ഞാൻ കുറച്ച് തിരക്കിലായിരുന്നു
കുറേ കോളുകൾ വന്നപ്പോഴാണ് ഈ സംഭവം എന്താണെന്ന് അറിയുന്നത്. ചാക്കോച്ചൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം ഉപകാരം അല്ലാതെ ഒരു ഉപദ്രവവും എന്റെ അടുത്ത് ചെയ്തിട്ടില്ല ചെയ്യുകയുമില്ല. ഞാൻ അങ്ങോട്ട് ചെയ്തെങ്കിലേ ഉള്ളൂ. ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത ഒരു മനുഷ്യനാണ് ചാക്കോച്ചൻ. മാത്രമല്ല ചാക്കോച്ചൻ ലവേഴ്സ്, ചാക്കോച്ചൻ ഫാൻസ് ഇവരൊക്കെ തന്നെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഇനിയിപ്പോ അതെന്താണെന്ന് ഞാൻ പറയുന്നില്ല കാരണം അത് പറഞ്ഞു കഴിഞ്ഞാൽ മറ്റൊരു വിഭാഗത്തിലേക്ക് പോകും.
എനിക്കിത്രയേ പറയാനുള്ളൂ, ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. കാരണം അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യനുമായി സൗഹൃദം പുലർത്താൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്." –സുനിൽരാജിന്റെ വാക്കുകൾ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ചിത്രത്തിൽ അതിഥി താരമായാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. ടെലിവിഷൻ പരിപാടികളിലും മറ്റും കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ശ്രദ്ധനേടിയ കലാകാരനാണ് സുനിൽരാജ്.
Content Highlights: Mimicry Artist Sunil Raj Clarifies Role in Kunchacko Boban Film Amidst Controversy