‘ദുരൂഹസാഹചര്യത്തിലെ തൊലിക്കട്ടി’; 'മഞ്ഞിൽക്കുളിസീൻ' പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

സാമൂഹികമാധ്യമങ്ങളിൽ രസകരമായ വീഡിയോ പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. കൊടുംതണുപ്പിൽ രക്ഷയ്ക്കായി മുൻകരുതൽ ഒന്നുമില്ലാതെ മഞ്ഞിൽ കളിക്കുന്ന സ്വന്തം വീഡിയോയാണ് താരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. പുറത്തിറങ്ങാനിരിക്കുന്ന 'ഒരുദുരൂഹസാഹചര്യത്തിൽ' എന്ന ചിത്രവുമായി ബന്ധപ്പെടുത്തി ക്യാപ്ഷനും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്.
'ഒരു ദുരൂഹസാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെയാണ് റീൽ പങ്കുവെച്ചത്. ചിത്രത്തിന്റെ സാമൂഹികമാധ്യമ പേജും മറ്റ് നടന്മാരേയും അണിയറപ്രവർത്തകരേയും ടാഗ് ചെയ്തിട്ടുണ്ട്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നും നടൻ കൂട്ടിച്ചേർത്തു.
കേവലം ഒരു ഷോർട്‌സ് മാത്രം ധരിച്ച് നഗ്നപാദനായി കുഞ്ചാക്കോ ബോബൻ മഞ്ഞിന് മുകളിലൂടെ ഓടിനടക്കുന്നതും അതിൽ കിടന്നുരുളുന്നതും വീഡിയോയിൽ കാണാം. മഞ്ജുവാര്യർ ഉൾപ്പെടെ റീലിന് കമന്റുമായി എത്തിയിട്ടുണ്ട്. രാജേഷ് മാധവൻ, മാളവിക മേനോൻ, ബാലതാരം ദേവനന്ദ, വിശാഖ് നായർ, ദിനേശ് പ്രഭാകർ ഉൾപ്പെടെ കമന്റുചെയ്തു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കുന്ന ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, സംവിധായകൻ ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ ഉൾപ്പെടെ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
'ന്നാ താൻ കേസുകൊട്' എന്ന ശ്രദ്ധേയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ'. 'ഓഫീസർ ഓൺ ഡ്യൂട്ടി' ആണ് കുഞ്ചാക്കോ ബോബന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിക്കും മോഹൻലാലിനും ഫഹദ് ഫാസിലിനുമൊപ്പം വമ്പൻ താരനിരയിൽ ഒരുങ്ങുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' ആണ് ഉടനെ പുറത്തിറങ്ങാനിരിക്കുന്നത്.
Content Highlights: Kunchacko Boban shares a viral video playing in the snow. Promotes upcoming film 'Oru Durooha Sahacharyathil'. Collaboration between Kunchacko Boban and director Ratheesh Balakrishnan Poduval. Major star cast including Dileesh Pothan and Sajin Gopu