പനോരമ സ്റ്റുഡിയോസിന്റെ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ

#മൂവീസ് ഡെസ്‌ക്
അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, കുഞ്ചാക്കോ ബോബൻ, കുമാർ മം​ഗത് പഥക്, ദിൻജിത്ത് അയ്യത്താൻ
അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, കുഞ്ചാക്കോ ബോബൻ, കുമാർ മം​ഗത് പഥക്, ദിൻജിത്ത് അയ്യത്താൻ

'കിഷ്‌കിന്ധാ കാണ്ഡം', 'എക്കോ' എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും കുഞ്ചാക്കോ ബോബനും കൈകോർക്കുന്ന പുതിയ മലയാള ചിത്രം പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. അഭിജിത്ത് കാഞ്ഞിരത്തിങ്കൽ സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ത്രില്ലർ, 'ഉന്മാദം' എന്ന ചിത്രത്തിന് ശേഷം പനോരമ സ്റ്റുഡിയോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പ്രൊജക്റ്റാണ്.

കുമാർ മങ്കത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ദിൻജിത്ത് അയ്യത്താൻ നിർമാതാവായും ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. മിസ്റ്ററി ത്രില്ലറായ 'കിഷ്‌കിന്ധാ കാണ്ഡം', സൈക്കോളജിക്കൽ ക്രൈം ത്രില്ലറായ 'എക്കോ' എന്നീ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി അഭിജിത്ത് കാഞ്ഞിരത്തിങ്കൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത വർഷം മേയ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

പ്രാദേശിക സിനിമാ മേഖലകളിലേക്കുള്ള തങ്ങളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പനോരമ സ്റ്റുഡിയോസ് മലയാള സിനിമയിൽ വീണ്ടും ചുവടുറപ്പിക്കുന്നത്. നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ മുൻനിര സിനിമാ നിർമാണ കമ്പനികളിലൊന്നായി പനോരമ സ്റ്റുഡിയോസ് മാറിക്കഴിഞ്ഞു. 'ഓംകാര', 'സ്‌പെഷ്യൽ 26', 'പ്യാർ കാ പഞ്ച്‌നാമ', 'റെയ്ഡ്', 'ശൈത്താൻ', വൻ വിജയമായ 'ദൃശ്യം' ഫ്രാഞ്ചൈസി എന്നിവ പനോരമ സ്റ്റുഡിയോസിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. ഇവരുടെ ചിത്രങ്ങൾ ഇതിനോടകം 55-ലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം കുമാർ മങ്കത് പഥക്, അഭിഷേക് പഥക് എന്നിവർക്കൊപ്പം ദിൻജിത്ത് അയ്യത്താനും ചേർന്നാണ് നിർവഹിക്കുന്നത്. രാജേഷ് മേനോനാണ് സഹനിർമാതാവ്. അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ശ്യാം ഭാസ്‌കരൻ, അഖിൽ നടുമന എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. വാർത്താപ്രചരണം: അപർണ ഗിരീഷ്.

Content Highlights: Panorama Studios officially announced a new Malayalam family drama thriller bringing together Kunchacko Boban and filmmaker Dinjith Ayyathan. Directed by Abhijith Kanjirathingal, the project marks the second collaboration between Kunchacko Boban and Panorama Studios after Unmadam. Dinjith Ayyathan serves as producer and creative director alongside producers Kumar Mangat Pathak and Abhishek Pathak. Written by Shyam Bhaskaran and Akhil Nadumana, the film is scheduled to begin shooting in May next year.