കുമാരനാശാന്റെ ജീവിതം, കുമാരന്റെ സിനിമ; ചരിത്രമായി ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’

കുമാരനാശാൻറെ ജീവിതസംഘർഷങ്ങളും കവിതകളുടെ ആവിഷ്കാരവുമായി ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന നവോഥാന ചരിത്രഘട്ട സിനിമ ചൊവ്വാഴ്ച തിയേറ്ററിലെത്തി. ആശാൻറെ ജീവിതം പ്രമേയമായ ആദ്യ കഥാചിത്രം അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികദിനത്തിൽ പ്രേക്ഷകരിലെത്തിയപ്പോൾ അതും ചരിത്രമായി. ജെ.സി.ഡാനിയേൽ അവാർഡ് ജേതാവായ സംവിധായകൻ കെ.പി.കുമാരൻ ഈ സിനിമ തിയേറ്ററിലെത്തിച്ചത് 84-ാം വയസ്സിൽ. ഇത് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ 50-ാം വർഷവുമാണ്. ഭാര്യ എം.ശാന്തമ്മ പിള്ളയാണ് നിർമാതാവ്.
‘ഈ പ്രായത്തിൽ വലിയ സാമ്പത്തികബാധ്യത വഹിക്കുന്നത്, ഈ സിനിമ യഥാർഥ കാഴ്ചക്കാരിലെത്തണമെന്ന എന്റെ സ്വപ്നവും ആശാനോടുള്ള ഇഷ്ടവുംകൊണ്ടാണ്. അദ്ദേഹത്തെ പുതിയ തലമുറ അറിയാത പോകരുതെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം മരിക്കുന്നതിനുമുന്പുള്ള ആറേഴുവർഷത്തെ ജീവിതമാണ് സിനിമ. പ്രബുദ്ധകേരളം ഒന്നോ, രണ്ടോ തവണ കാണണമെന്നാണ് അഭ്യർഥന,’-കെ.പി.കുമാരൻ പറയുന്നു.
‘ചരിത്രമൂല്യമുള്ള സിനിമ തിയേറ്ററിലെത്തിക്കുക അത്ര നിസ്സാരമല്ല. താരമൂല്യമില്ലാത്ത ചിത്രത്തിന് തിയേറ്റർ കിട്ടാൻ ബുദ്ധിമുട്ടാണ്. കിട്ടിയിരിക്കുന്നത് പന്ത്രണ്ട് തിയേറ്ററുകൾ. അതും 16 മുതൽ മൂന്നുദിവസം മാത്രം. സർക്കാർ വിനോദനികുതിയിൽനിന്ന് ഒഴിവാക്കിയതാണ് ഒരാശ്വാസം,’-അദ്ദേഹം തുടരുന്നു.
45-ാം വയസ്സിൽ തന്നേക്കാൾ വളരെ പ്രായംകുറഞ്ഞ പെൺകുട്ടിയെ വിവാഹംചെയ്ത കുമാരനാശാന്റെ ജീവിതാനുഭവങ്ങളാണ് സിനിമയുടെ കാതൽ. ചിത്രീകരണം നടത്തിയത് ‘പെരുന്പളം’ ദ്വീപിലും പെരിയാറിന്റെ തീരത്തും. 2022-ൽ ആശാന്റെ ജന്മദിനത്തിലായിരുന്നു സിനിമ ഒരുക്കിത്തുടങ്ങിയത്. കഴിഞ്ഞവർഷം ആശാന്റെ ജന്മദിനത്തിൽ ചിത്രം പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് യഥാർഥ പ്രദർശനം. കുമാരനാശാനായി അഭിനയിക്കുന്നത് സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോൻ. അദ്ദേഹം സംഗീതസംവിധാനം ചെയ്ത് ആശാന്റെ കവിത ചൊല്ലിയിട്ടുമുണ്ട്.
നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരം നേടിയിട്ടുള്ള കെ.പി.കുമാരൻ എഴുപതുകളിൽ സിനിമയിലെ നവതരംഗത്തിന് തുടക്കമിട്ട ആളാണ്. 1972-ൽ അടൂർ ഗോപാലകൃഷ്ണൻറെ സ്വയംവര’ത്തിൻറെ തിരക്കഥാ പങ്കാളിയായെത്തിയ അദ്ദേഹത്തിന്റെ ആദ്യചിത്രം ‘അതിഥി’ ആണ്. 1988-ൽ ‘രുഗ്മിണി’ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡുനേടി. കണ്ണൂരിലെ കൂത്തുപറമ്പിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലെ ‘ഭൂമിക’യിലാണ് താമസം.
കോടികൾ മുടക്കുള്ള ചിത്രം
കോടികൾ മുടക്കി ഈ പ്രായത്തിൽ കുമാരൻസാർ സംവിധാനം ചെയ്ത സിനിമ ചൊവ്വാഴ്ച നിറഞ്ഞ സദസ്സിലാണ് പയ്യന്നൂരിലും മൂവാറ്റുപുഴയിലും പ്രദർശിപ്പിച്ചത്. ഇതേപോലെ ഒരു താത്‌പര്യം ഉണ്ടായാലേ ഇത്തരം സിനിമകൾ വിജയിക്കൂ. - പി.പ്രേമചന്ദ്രൻ, സെക്രട്ടറി, ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂർ.
Content Highlights: kumaranasan life movie gramavrukshathile kuyil, director kp kumaran