കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

#Movies Desk
ജി. കൃഷ്ണകുമാർ| ഫോട്ടോ : സി.ആർ. ​ഗിരീഷ് കുമാർ/ മാതൃഭൂമി
ജി. കൃഷ്ണകുമാർ| ഫോട്ടോ : സി.ആർ. ​ഗിരീഷ് കുമാർ/ മാതൃഭൂമി

ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കൃഷ്ണകുമാർ ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള പോസ്റ്റർ പങ്കുവെച്ചായിരുന്നു പ്രതികരണം. ജയ്ഹിന്ദ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ, പിന്നെയാ ഡൽഹി', എന്നാണ് പോസ്റ്ററിലുള്ളത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് നടന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പ്രതിഷേധങ്ങൾക്ക് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി നടൻ ആർ. മാധവനും രംഗത്തെത്തി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിലും അതിനെതിരായ പോലീസ് നടപടിയിലും മൗനം പാലിച്ച പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ മാധവനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യത്തെ വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും നിരാശയിലും ആശങ്കയിലും താൻ പങ്കുചേരുന്നതായി മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'വിദ്യാഭ്യാസത്തിന് രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താനുള്ള കഴിവുണ്ട്. നീതിപൂർവവും സുതാര്യവും യോഗ്യതയ്ക്ക് പ്രാധാന്യം നൽകുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം ഓരോ വിദ്യാർഥിയും അർഹിക്കുന്നു', അദ്ദേഹം കുറിച്ചു.

'ഇന്ത്യയിലെ യുവാക്കളുടെ അളവറ്റ കഴിവുകളിൽ എന്നും വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, ഇന്ന് വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന നിരാശയും ആശങ്കയും ഞാൻ പങ്കുവെക്കുന്നു. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ പൊതുസമൂഹത്തിന്റെ വിശ്വാസ്യതയെ തകർക്കുകയും ദശലക്ഷക്കണക്കിന് യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെയും കഠിനാധ്വാനത്തെയും സാരമായി ബാധിക്കുകയും ചെയ്യും', മാധവൻ അഭിപ്രായപ്പെട്ടു.

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ വേഗത്തിൽ ശക്തമായും നടപടി സ്വീകരിക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ആരും ധൈര്യപ്പെടാത്ത വിധം കർശനമായ ശിക്ഷ ഉറപ്പാക്കണം. മുൻകാലങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയുടെ സുതാര്യത സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സമാധാനപരമായി നവീകരണങ്ങൾക്കായി ശബ്ദമുയർത്തുന്ന വിദ്യാർഥികളുടെ ദൃഢനിശ്ചയത്തെ പ്രശംസിച്ച മാധവൻ, സമരത്തെ സ്വന്തം താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാന്റെമുറിയുടെ വാതിലിൽ വിദ്യാർഥികൾ 'കാണാനില്ല' പോസ്റ്റർ പതിച്ചിരുന്നു. 'നീറ്റ് പരീക്ഷ വിൽപ്പനയ്ക്ക്' എന്നെഴുതിയ പോസ്റ്ററുകളും വിദ്യാർഥികൾ പതിച്ചു.

Content Highlights: Actor and BJP leader Krishnakumar supported the police action against student protesters at Jantar Mantar by sharing a poster featuring PM Narendra Modi. The posted image carried a statement emphasizing that if stone-pelting in Kashmir could be halted, Delhi's protests could be handled similarly. Meanwhile, actor R. Madhavan broke his silence following student protests against him at the FTII campus, where 'missing' posters were previously pasted on his door. Madhavan expressed deep concern and frustration over the NEET exam paper leak, stating that such incidents erode public trust and affect millions of students. He urged the government to take swift, strict action against perpetrators while praising students peaceful efforts and advising them to stay cautious against miscreants