ഹേമ കമ്മിറ്റി റിപ്പോർട്ട് ; കുറ്റവാളികൾ ഇപ്പോഴും തഴച്ചുവളരുകയാണ് – കൊങ്കണ സെൻ ശർമ

#Movies Desk
Photo: https://www.instagram.com/konkona/?hl=en
Photo: https://www.instagram.com/konkona/?hl=en

മീടൂ മുന്നേറ്റത്തിലൂടെ ചില നല്ലകാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികളിൽ പലരും ഇന്നും തഴച്ചുവളരുകയാണെന്ന് നടി കൊങ്കണ സെൻ ശർമ. തന്റെ പുതിയ ചിത്രമായ അക്യൂസ്ഡ് പുറത്തിറങ്ങാനിരിക്കെയാണ് നടിയുടെ പ്രതികരണം. ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിട്ടനിലെ ഒരു ഡോക്ടറായാണ് കൊങ്കണ ചിത്രത്തിലെത്തുന്നത്.

സിനിമാവ്യവസായത്തിലെ വ്യാപകമായ ചൂഷണങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മീടൂ മുന്നേറ്റത്തിന്റെ വലിയൊരു നേട്ടമാണെന്നും എന്നാൽ പല കുറ്റവാളികളും ഒരു പ്രത്യാഘാതവും അനുഭവിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

"ഇതൊരു നിർഭാഗ്യകരമായ സാഹചര്യമാണ്. ആരോപണവിധേയരായ ആളുകളെ നമുക്കെല്ലാവർക്കും അറിയാം, അവരിൽ പലരും ഇന്നും തഴച്ചുവളരുന്നത് നമുക്ക് കാണാം. സമൂഹമെന്ന നിലയിൽ ഇതെല്ലാം നമ്മളെ ആശ്രയിച്ചാണുള്ളത്. നമ്മൾ ആർക്കൊപ്പം പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നു, ആരുടെ വർക്കുകൾ കാണാൻ ആഗ്രഹിക്കുന്നു, ഇവർക്ക് എത്രത്തോളം അവസരങ്ങൾ നൽകുന്നു എന്നതെല്ലാം പ്രധാനമാണെന്നും നടി പറഞ്ഞു.

"ഹേമ കമ്മിറ്റി ഒരു റിപ്പോർട്ട് പുറത്തുവിട്ടു, എത്രപേർ അത് ശരിക്കും വായിച്ചു, അത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ചില നല്ല കാര്യങ്ങൾ അതിന്റെ ഫലമായി വന്നിട്ടുണ്ടാകാം, ഒരു സിനിമാ സെറ്റിലോ ഏതെങ്കിലും തൊഴിൽ അന്തരീക്ഷത്തിലോ ചില കമ്മിറ്റികളും സൗകര്യങ്ങളും നിലവിൽ വന്നിട്ടുണ്ടാകാം. എന്നാൽ ആത്യന്തികമായി അതിൻ്റെ ഫലം നമ്മളെയും ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും,"- നടി കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ ഇത്തരമൊരു കമ്മീഷനെ നിയമിക്കുന്നത്.

2017-ൽ കൊച്ചിയിൽ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് 'വിമൻ ഇൻ സിനിമ കളക്ടീവ്' (WCC) നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ കമ്മിറ്റി രൂപീകരിച്ചത്. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായ സമിതിയിൽ നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ.
2019 ഡിസംബർ 31-ന് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ സ്വകാര്യത മാനിച്ച് ഏകദേശം അഞ്ച് വർഷത്തോളം ഈ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ വിവരാവകാശ നിയമപ്രകാരം 2024 ഓഗസ്റ്റ് 19-നാണ് റിപ്പോർട്ടിന്റെ ഭേദഗതി വരുത്തിയ പതിപ്പ് പുറത്തുവിട്ടത്.

അക്യൂസ്ഡ് 

ജോലിസ്ഥലത്തെ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിട്ടനിലെ ഒരു ഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. വിജയകരമായ കരിയറുള്ള ഡോ. ഗീതിക സെൻ എന്ന കേന്ദ്ര കഥാപാത്രമായി കൊങ്കണ എത്തുന്നു. അനുഭൂതി കശ്യപ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരൺ ജോഹറിന്റെ 'ധർമ്മാറ്റിക് എന്റർടൈൻമെന്റ്' ആണ് നിർമ്മാണം.

"ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചുള്ള സിനിമ നമ്മൾ കണ്ടിട്ടില്ല, അതുകൊണ്ട് എന്തുകൊണ്ട് ഇത് നിർമ്മിച്ചുകൂടാ എന്ന് ചിന്തിച്ചു," പിന്നീട് നടത്തിയ ഗവേഷണങ്ങളിൽ ഗണ്യമായ അളവിൽ സ്ത്രീകളും ആരോപണങ്ങൾ നേരിട്ടിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും അങ്ങനെയാണ് ഈ ചിത്രത്തിലെത്തിലെത്തിയതെന്നും സംവിധായിക പറഞ്ഞു.

കൊങ്കണയെ കൂടാതെ പ്രതിഭ രന്ത, ആദർശ് ഗൗരവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.