ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി, ലാഭവിഹിതം തരാതെ വഞ്ചിച്ചെന്ന് യുവതി

'ആർ ഡി എക്സി'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ നിന്ന്
'ആർ ഡി എക്സി'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ നിന്ന്

കൊച്ചി : മഞ്ഞുമ്മൽ ബോയ്സിനു പിന്നാലെ ആർ‌ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് വാഗ്ദാനം ചെയ്ത ലാഭവിഹിത നൽകിയില്ലെന്ന പരാതിയുമായി തൃപ്പുണ്ണിത്തുറ സ്വദേശിനി അഞ്ജന എബ്രഹാം രംഗത്ത് വന്നത്. ആറ് കോടി രൂപ നിർമാണത്തിനായി നൽകിയെന്നും മുടക്കുമുതലിന് പുറമേ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തതെന്നും ഇവർ പരാതിയിൽ പറയുന്നു. 

അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഏറെ നിർബന്ധത്തിനൊടുവിൽ മുടക്കുമുതൽ തിരികെ തന്നെങ്കിലും നൂറ് കോടിക്കുമീതേ ലാഭമുണ്ടാക്കിയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തത് തന്നില്ലെന്നാണ് അഞ്ജനയുടെ പരാതിയിൽ  വ്യക്തമാക്കുന്നത്. കണക്കുകൾ തന്നിൽ നിന്ന് മറച്ചുവെച്ചു, സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലുൾപ്പടെ വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ സാറ്റലൈറ്റ് റൈറ്റ് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നും അഞ്ജന തൃപ്പുണ്ണിത്തുറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി വരികയാണ്.

നേരത്തെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നിർമാണത്തിൽ പങ്കാളിയായ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകിയിരുന്നു. ഇതിന്മേൽ ഇ.‍ഡി കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിന് ഇടയിലാണ് മറ്റൊരു സിനിമയ്ക്കെതിരേയും ഇത്തരത്തിൽ പരാതി വരുന്നത്.

2023-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാ​ഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഓണം റിലീസുകളിൽ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രംകൂടിയായിരുന്നു ഈ ചിത്രം.

Content Highlights: kochi native complaint against rdx movie producers