മൃദംഗനാദമല്ല, ഇത് മൃഗീയ നാടകം, അണിയറക്കാരെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണം -എം.എ.നിഷാദ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാനൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ എം.എ.നിഷാദ്. ഗിന്നസ് ബുക്കിൽ ഇടംനേടാൻ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർഥത്തിൽ ‘മൃഗീയ നാടകം’ ആയിരുന്നുവെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. ഒരപകടം നടന്നിട്ടും അത് വകവയ്ക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും, ഇവന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികൾ. അവരുടെ പേരുകൾ പുറത്ത് വിടണമെന്നും നിഷാദ് ആവശ്യപ്പെട്ടു.
എം.എ.നിഷാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്:
‘ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. എം.എൽ.എ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പക്ഷേ ചില ചോദ്യങ്ങൾക്ക്, ഉത്തരം കിട്ടിയേ മതിയാവൂ... ഗിന്നസ് ബുക്കിൽ ഇടംനേടാൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർഥത്തിൽ ‘മൃഗീയ നാടകം’ ആയിരുന്നു എന്നുളള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.
സമൂഹനൃത്തത്തിൽ ഒരാളേ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നർത്തകിമാരെ, സിനിമയിലെ നൃത്തരംഗത്ത് അവതരിപ്പിക്കുന്ന സംഘ നർത്തകർ, അല്ലെങ്കിൽ ഡാൻസേഴ്സ് (സിനിമാ ഭാഷയിൽ) ആയി പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്... ഒരപകടം നടന്നിട്ടും അത് വകവയ്ക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും, ഇവന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികൾ. അവരുടെ പേരുകൾ പുറത്ത് വിടണം... അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതുസമൂഹത്തിനുണ്ട്. ഒരു നർത്തകിയുടെ കയ്യിൽ നിന്നും എത്ര രൂപ വാങ്ങി സംഘാടകർ എന്ന കണക്കും പുറത്തുവന്നു. അപ്പോൾ, ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ, മുന്നിൽ കൊണ്ടുവരണം.
Content Highlights: Director M.A. Nishad criticizes the organizers of a Guinness attempt dance event