സി.പി.ആര്‍. ഉടൻ നൽകിയിരുന്നെങ്കിൽ കെ.കെ. രക്ഷപ്പെട്ടേനേ- ഡോക്ടര്‍

ഗായകന്‍ കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും. നിരവധി പേരാണ് പ്രിയഗായകന് ആദരാഞ്ജലികളര്‍പ്പിച്ച് എത്തിയത്. വെര്‍സോവയിലെ ശ്മശാനത്തില്‍ ഗായകന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഒട്ടേറെയാളുകളാണ് പ്രിയഗായകന് യാത്രയക്കാന്‍ എത്തിയത്.
കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ.കെയുടെ അന്ത്യം. നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്തയിലെ സി.എം.ആര്‍.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗായകന്റെ രക്തധമനികളില്‍ വലിയ തോതിലുള്ള ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞത്. കുഴഞ്ഞുവീണ സമയത്ത് സി.പി.ആര്‍. നല്‍കിയിരുന്നുവെങ്കില്‍ കെ.കെയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.
ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന ധമനിയിലും മറ്റു ധമനികളിലും തടസ്സങ്ങളുണ്ടായിരുന്നു. സംഗീതവേദിയില്‍ അദ്ദേഹം വളരെ ആവേശത്തോടെയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പാടുന്നതിനോടൊപ്പം നൃത്തം ചെയ്തു. ഇതെല്ലാം രക്തയോട്ടം തടസ്സപ്പെടുന്നതിലേക്ക് നയിച്ചിരിക്കാം. തക്കസമയത്ത് സി.പി.ആര്‍. നല്‍കിയിരുന്നുവെങ്കില്‍ കെ.കെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു- ഡോക്ടര്‍ പറഞ്ഞു.
Content Highlights: KK, Krishnakumar Kunnath singer death, postmortem report, blockage in coronary artery,