നിങ്ങളുടെ സ്‌നേഹമാണ് ഞാന്‍ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയര്‍ത്തിയത്- ദുല്‍ഖര്‍ സല്‍മാന്‍

'കിംഗ് ഓഫ് കൊത്ത' പ്രചാരണപരിപാടിയിൽ ദുൽഖർ സൽമാൻ | ഫോട്ടോ: അറേഞ്ച്ഡ്
'കിംഗ് ഓഫ് കൊത്ത' പ്രചാരണപരിപാടിയിൽ ദുൽഖർ സൽമാൻ | ഫോട്ടോ: അറേഞ്ച്ഡ്

ഏറ്റവും പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.  സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് കുറിപ്പ്. താന്‍  വീണു പോകുമ്പേഴെല്ലാം പ്രേക്ഷകര്‍ താങ്ങായി നിന്നതുകൊണ്ടാണ് താനിവിടെ എത്തിയതെന്ന് ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

'സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് എല്ലായ്‌പ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരും ആണ്. നിങ്ങളുടെ സ്‌നേഹമാണ് ഞാന്‍ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയര്‍ത്തിയത്. അതെന്നെ  കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. 

നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ ആവേശഭരിതനാക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍  സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു', എന്നാണ് ദുല്‍ഖര്‍ കുറിച്ചു.

രണ്ടു കാലഘട്ടങ്ങളിലെ കടന്നുപോകുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ്  പറയുന്നത്.  വേറിട്ട രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ രാജു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Content Highlights: King Of Kotha, Dulquer Salmaan, thanking audiences, Review, feedback and love