തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കില്‍ ഒടിടിയില്‍; പക്ഷേ എല്ലാവര്‍ക്കും കാണാനാകില്ല

Kill Movie
Kill Movie

ബോളിവുഡ് ആക്ഷന്‍ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമാണ് കില്‍.  നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൌഹാന്‍ ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് വേഷമിട്ടത്. കളക്ഷന്‍ കണക്കുക്കള്‍ എന്നതിനപ്പുറം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 41 കോടിയോളം നേടിക്കഴിഞ്ഞു.

അതിനിടെ ഒടിടിയില്‍ കില്‍ പ്രദര്‍ശനത്തിനെത്തി കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ല.   റിലീസ് ചെയ്ത് മൂന്നാം ആഴ്ചയില്‍ തന്നെ ഒടിടിയില്‍ എത്തിയ പടം  വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക. യുഎസിലെയും യുകെയിലെയും പ്രേക്ഷകര്‍ക്ക് കില്‍ കാണാം. ഇതിനായി ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്നതിന് കാഴ്ചക്കാര്‍ 24.99 ഡോളര്‍ (2,092 രൂപ)  നല്‍കണം. കൂടാതെ, ആപ്പിള്‍ ടിവിയില്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് വഴിയും കില്‍ ലഭ്യമാണ്. സെപ്തംബര്‍ മാസത്തിലായിരിക്കും ഇന്ത്യയില്‍ ഒടിടി റിലീസിനെത്തുന്നത്. 

കില്ലിന്റെ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം  'ജോണ്‍ വിക്ക്' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഛാഡ് സ്റ്റാഹെല്‍സ്‌കി നേടി കഴിഞ്ഞു. കീനു റീവ്‌സ് നായകനായ ഈ ചലച്ചിത്രപരമ്പരയിലെ നാലുചിത്രങ്ങളും സംവിധാനംചെയ്തയാളാണ് ഛാഡ് സ്റ്റാഹെല്‍സ്‌കി. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള താത്പര്യം ഛാഡ് പ്രകടിപ്പിച്ചത്.

അടുത്തകാലത്ത് താന്‍ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷന്‍ സിനിമകളിലൊന്നാണ് കില്‍ എന്ന് ഛാഡ് സ്റ്റാഹെല്‍സ്‌കി പറഞ്ഞു. പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട സംഘട്ടനരംഗങ്ങളാണ് സംവിധായകന്‍ നിഖില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ഒരു ഇംഗ്ലീഷ് ഭാഷാ പതിപ്പ് വികസിപ്പിക്കുന്നത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കില്‍ റീമേക്ക് ചെയ്യുന്ന കാര്യം ലയണ്‍സ്‌ഗേറ്റ് മോഷന്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോ ഗ്രൂപ്പ് ചെയര്‍ ആദം ഫോഗേള്‍സണും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിച്ചതാണ്. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത എന്നിവരുടെ ധര്‍മാ പ്രൊഡക്ഷന്‍സ്, ഗുണീത് മോംഗ, അചിന്‍ ജെയിന്‍ എന്നിവരുടെ സിഖ്യ എന്റര്‍ടെയിന്‍മെന്റ് എന്നിവരാണ് കില്‍ നിര്‍മിച്ചിരിക്കുന്നത്. 


 

Content Highlights: kill movie streaming on ott amazon prime video, US, UK