പരമ്പരാഗത പാറ്റേണുകളെ തള്ളി പ്രകാശ് രാജ് അധ്യക്ഷനായ ജൂറി; അവസാനവാക്കായി മമ്മൂട്ടിയും ഷംല ഹംസയും

പ്രകാശ് രാജ്, മമ്മൂട്ടി, ഷംല ഹംസ | Photo: PTI, Instagram/ Shamla Hamza
പ്രകാശ് രാജ്, മമ്മൂട്ടി, ഷംല ഹംസ | Photo: PTI, Instagram/ Shamla Hamza

തിരുവനന്തപുരം: തലമുറമാറ്റത്തിലേക്ക്‌ അതിവേഗം സഞ്ചരിക്കുകയാണ് മലയാളസിനിമ. ആ മാറ്റത്തിന് അടിവരയിടുന്നതാണ് ഇത്തവണത്തെയും സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ. അവിടെയും വൻമരമായി മമ്മൂട്ടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത ചലച്ചിത്ര യാഥാർഥ്യവും. പ്രകാശ് രാജ് അധ്യക്ഷനായ ഇത്തവണത്തെ ജൂറി, സിനിമാപുരസ്കാരങ്ങളുടെ പരമ്പരാഗത പാറ്റേണുകളെ തള്ളുകയാണ് ചെയ്തത്.

പുരസ്കാരനിർണയത്തിന് ഇത്തവണയും ജൂറിക്കുള്ളിൽ തർക്കങ്ങളില്ലായിരുന്നു. എന്നാൽ, വീറുറ്റ ചർച്ചകളുണ്ടായി. അന്തിമതീരുമാനത്തിന് കഴിഞ്ഞദിവസം രാവിലെ പത്തിനു തുടങ്ങിയ ചർച്ച രാത്രി പത്തോളം നീണ്ടു.

നടനായി മമ്മൂട്ടിയും നടിയായി ഷംല ഹംസയും അവസാനവാക്കായി. ആസിഫ് അലിയും ടൊവിനോ തോമസും സൗബിൻ ഷാഹിറും സിദ്ധാർഥ് ഭരതനും മമ്മൂട്ടിക്കടുത്തെത്താനുള്ള ചർച്ചയിൽ ഇടംപിടിച്ചെങ്കിലും പലരെയും ഉപപുരസ്കാരങ്ങളിലൂടെ അംഗീകരിക്കാനായിരുന്നു ജൂറിയുടെ തീരുമാനം.

‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ച് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും മമ്മൂട്ടി ആവിഷ്കരിച്ചു. ഇതിനായി എടുത്തണിഞ്ഞ പ്രതിനായകവേഷം പകർന്നാടിയതിന്റെ പൂർണതയ്ക്കാണ് പുരസ്കാരമെന്ന് ജൂറി ഏകകണ്ഠമായി വിധിച്ചു.

പുരുഷാധികാരത്തിന്റെയും മതപൗരോഹിത്യത്തിന്റെയും ഇടയിൽപ്പെട്ട് ഞെരുങ്ങുന്ന ഒരുസ്ത്രീയുടെ സഹനങ്ങളും സ്വാതന്ത്ര്യപ്രഖ്യാപനവും അയത്നലളിതമായി അനുഭവിപ്പിച്ച ഷംനഹംസയുടെ ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയ മികവിനുമുന്നിൽ മറ്റുള്ളവർ വഴിമാറി. ലിജോമോൾ ജോസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർ മികച്ച അഭിനേതാക്കളെന്നും ജൂറി വിലയിരുത്തി. വേടനുനൽകിയ അംഗീകാരവും ഇത്തവണത്തെ പുരസ്കാരത്തെ വേറിട്ടതാക്കുന്നു.

Content Highlights: Malayalam Cinema's Generational Shift: State Awards Honor New Talents Amidst Established Brilliance