ആ സ്ഥാനത്തിരിക്കാൻ രഞ്ജിത്തിന് യോഗ്യതയില്ലെന്ന് നേമം പുഷ്പരാജ്, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് വിനയൻ

നേമം പുഷ്പരാജ്, രഞ്ജിത്ത് | ഫോട്ടോ: ജി. ശിവപ്രസാദ്, സാജൻ വി നമ്പ്യാർ \ മാതൃഭൂമി
നേമം പുഷ്പരാജ്, രഞ്ജിത്ത് | ഫോട്ടോ: ജി. ശിവപ്രസാദ്, സാജൻ വി നമ്പ്യാർ \ മാതൃഭൂമി

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയെ സ്വാധീനിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണം ആവർത്തിച്ച് സംവിധായകൻ വിനയൻ. ജൂറി അം​ഗമായ നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശം വിനയൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്കാരം ലഭിക്കാതിരിക്കാൻ രഞ്ജിത് ഇടപെട്ടുവെന്ന് നേരത്തെ വിനയൻ ആരോപിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായി തുടരാൻ രഞ്ജിത്തിന് അർഹതയില്ലെന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിനെ പുരസ്കാരങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് ജൂറിയം​ഗങ്ങളിൽ ഭൂരിപക്ഷവും എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് നേമം പുഷ്പരാജ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. ഭൂരിപക്ഷത്തിനൊപ്പം നിൽക്കുക എന്നതാണ് ജനാധിപത്യത്തിലെ രീതി. പത്തൊമ്പതാം നൂറ്റാണ്ടിലേത് വളരെ മോശം ആർട്ട് ഡയറക്ഷനാണെന്ന് പറഞ്ഞപ്പോൾ ഉൾക്കൊള്ളാനായില്ല. എങ്കിലും ജനാധിപത്യം കണക്കിലെടുത്ത് എന്റെ അഭിപ്രായത്തെ മാറ്റി ഭൂരിപക്ഷത്തിനൊപ്പം നിൽക്കുകയായിരുന്നു. എങ്കിലും എന്റെ മനസിൽ അതൊരു സംഘർഷമായി നിന്നു. കാരണം അതൊരു അനീതിയാണെന്ന് എനിക്ക് തോന്നിയിരുന്നുവെന്ന് പുഷ്പരാജ് പറഞ്ഞു. 

ഈ സമയത്താണ് എന്റെ കൂടെ കലാസംവിധാന സഹായിയായി ജോലി ചെയ്തിരുന്ന ഒരാളെന്നെ വിളിക്കുന്നത്. ചേട്ടനുംകൂടിയിരിക്കുന്ന ജൂറി പത്തൊമ്പതാം നൂറ്റാണ്ട് പോലൊരു ചിത്രത്തിലെ കലാസംവിധാനത്തിന് പുരസ്കാരം നൽകാതെ ഉപേക്ഷിച്ചിട്ട് വേറൊരു ചിത്രത്തിന് കൊടുത്തല്ലോ, എന്താണ് പറ്റിയത് എന്നാണ് അദ്ദേഹം ചോദിച്ചത്. മനസിലുണ്ടായിരുന്ന വിഷമം കാരണം തലേന്ന് ഉറങ്ങാൻപോലുമായില്ല. എനിക്ക് വിനയനുമായി അങ്ങനെ അടുപ്പമൊന്നുമില്ല. ‍ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആർട്ട് ഡയറക്ടർ ആരെന്നുപോലും ഞാൻ നോക്കിയിരുന്നില്ല. ചെയ്തതെങ്ങനെയുണ്ടെന്ന് നോക്കിയിട്ടാണ് പുരസ്കാരനിർണയം നടത്തുന്നത്. 

ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാർഡിൻെറ മെയിൻ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന ശ്രീ നേമം പുഷ്പരാജിൻെറ വാക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.. ഒരു മാദ്ധ്യമ പ്രവർത്തകനോടാണ് അദ്ദേഹം സംസാരിക്കുന്നത്.. ഒരു സർക്കാർ ജുറി മെമ്പർ എന്ന നിലയിൽ പരിമിതികളുള്ളപ്പോൾ തന്നെ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്ന് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ പോസ്റ്റുചെയ്തിരുന്നു.. അതിനു കൃത്യമായ തെളിവുകൾ എൻെറ കൈയ്യിലുണ്ടന്നും... ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നും ഞാൻ പറഞ്ഞിരുന്നു.. എൻെറ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ഇപ്പോൾ പറയുന്നു.. അക്കാദമി ചെയർമാൻ എന്നനിലയിൽ അവാർഡു നിണ്ണയത്തിൽ അനാവശ്യ ഇടപെടൽ നടത്തി എന്നു വ്യക്തമായി ഒരു സീനിയർ ജൂറി മെമ്പർ പറഞ്ഞു കഴിഞ്ഞാൽ.. ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ്.. ശ്രീ നേമം പുഷ്പരാജ് ഈ ശബ്ദരേഖയിൽ പറയുന്നതു കൂടാതെ അവാർഡു നിർണ്ണയത്തിൽ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങൾ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താം.. ഇപ്പോൾ എനിക്കു ചോദിക്കാനുള്ളത് ഇ ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാർമ്മികമായോ ആ പദവിയിലിരിക്കാൻ ശ്രീ രഞ്ജിത്തിന് അവകാശമുണ്ടോ? ഈ വിവരം അവാർഡു നിർണ്ണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ? നേരത്തെ സർക്കാരിൻെറ PRD യുടെ കീഴിലായിരുന്നു ഈ അവാർഡു നിർണ്ണയവും മറ്റും നടത്തിയിരുന്നത്.. 1996ലെ അവാർഡു നിർണ്ണയത്തിൽ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയിൽ കേസു പോകുകയുണ്ടായി ദേശാടനം എന്ന സിനിമയേ മനപ്പുർവം ഒഴിവാക്കി എന്നതായിരുന്നു പ്രശ്നം.. അന്ന് ബഹുമാന്യനായ ജസ്റ്റീസ് നാരായണക്കുറുപ്പ് അവാർഡ് നിർണ്ണയത്തിൽ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡു നിർണ്ണയം നടക്കുവാനായി PRD യിൽ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡു നിർണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി.. അന്ന് സാംസ്കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണൻ സാറാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിരൂപീ കരിച്ചത്..ശ്രീ ഷാജി എൻ കരുണായിരുന്നു ആദ്യത്തെ ചെയർമാൻ എന്നാണെൻെറ ഒാർമ്മ.. അതിനു ശേഷവും പല സർക്കാരുകളും അവാർഡുകൾ പലപ്പോഴും വീതം വയ്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാൻ കഴിയില്ല.. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം.. തെളിവ് ഇല്ലായിരുന്നിരിക്കാം... ഇത്ര ധ്രാഷ്ടൃത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാർഡു നിർണ്ണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ ശ്രീ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ല.. എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്... സർക്കാരിനെ പ്രതിക്കുട്ടിൽ നിർത്തുന്ന ഈ ഗൂഡാലോചനക്കു പിന്നിൽ മറ്റാരൊക്കെയാണ്... ശക്തമായ ഒരന്വേഷത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിടുകയും.. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു.. അല്ലങ്കിൽ ഈ വീതം വയ്കൽ നയം ഇടതുപക്ഷ സർക്കാരിൻെറ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകും.. എനിക്കൊരാവാർഡു കിട്ടാനോ എൻെറ സിനിമയ്ക് അവാർഡു കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്... ഞാനീ അവാർഡുകൾക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ.. അതിൻെറ പുറകെ പോയിട്ടുമില്ല, ഇഷ്ടക്കാർക്ക് അവാഡ് വീതം വച്ച രഞ്ജിത്തിൻെറ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന... അതിനു വേണ്ടി ജീവൻകളഞ്ഞു നിൽക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്.. കൊല്ലാക്കൊലയാണ്.. എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്.. ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു..

Posted by Vinayan Tg on Monday, July 31, 2023

പഴയ അസിസ്റ്റന്റിന്റെ ചോദ്യം കേട്ടപ്പോൾ നടന്നതെന്തെന്ന് കൃത്യമായി അയാളോടുപറഞ്ഞു. അയാളത് റെക്കോർഡ് ചെയ്യുന്ന കാര്യം ഞാനറിഞ്ഞില്ല. അങ്ങനെയായിരിക്കാം ഇക്കാര്യങ്ങൾ വിനയന്റെയടുത്തെത്തിയത്. എന്റെ മനസിലുണ്ടായിരുന്ന സംഘർഷങ്ങളാണ് ഞാൻ അയാളോട് പങ്കുവെച്ചത്. ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണോ തെറ്റാണോയെന്ന് പറയേണ്ടത് രഞ്ജിത്താണ്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം വളരെ മഹനീയമായാണ് ഞാൻ കാണുന്നത്. അതിലിരിക്കാൻ യോ​ഗ്യനല്ല എന്ന് രഞ്ജിത് തെളിയിച്ചിരിക്കുകയാണെന്ന് മാത്രമേ ഈയവസരത്തിൽ പറയുന്നുള്ളൂ. 

കേരളത്തിലെ മുഴുവൻ സിനിമാക്കാരെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി. അതിന്റെ സ്ഥാനത്തിരിക്കുന്നത് നീതിബോധമുള്ളയാളായിരിക്കണം. ഹിറ്റുകൾ ചെയ്തു എന്നത് മാത്രമല്ല അവിടെ പ്രസക്തം. അന്തസ് പുലർത്തുന്ന, മാന്യനായ, നീതിബോധമുള്ള ഒരാളായിരിക്കണം അവിടെ ഇരിക്കേണ്ടത്. അതിന് രഞ്ജിത്തിന് കഴിയില്ല എന്നാണ് എനിക്ക് ബോധ്യമായത്. ഇനി രഞ്ജിത്ത് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിനുള്ള മറുപടിമാത്രം താൻ പറഞ്ഞുകൊള്ളാമെന്നും നേമം പുഷ്പരാജ് പറയുന്നു.

Content Highlights: kerala state film awards 2022, vinayan released nemam pushparaj's exclusive audio clip