31-ാമത് IFFK: ഈ വർഷംമുതൽ 24 മണിക്കൂറും സിനിമാ പ്രദർശനം, തിരക്കും നീണ്ട നിരയും കുറയ്ക്കുക ലക്ഷ്യം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ) അർദ്ധരാത്രിയിലെ അപൂർവ്വ പ്രദർശനങ്ങൾക്കായുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകുന്നു. പരമ്പരാഗത പ്രദർശന സമയങ്ങളിൽ നിന്ന് മാറി, 31-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയെ മുഴുവൻ സമയ അനുഭവമാക്കി മാറ്റാൻ ഒരുങ്ങുകയാണ് സംഘാടകർ. ഈ വർഷം മുതൽ, ഉദ്ഘാടന സമാപന ദിവസങ്ങൾ ഒഴികെയുള്ള ആറു ദിവസങ്ങളിൽ മേളയുടെ ഒന്നിലധികം വേദികളിൽ രാപകലില്ലാതെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തീരുമാനമെന്ന് ചെയർമാൻ രവീന്ദ്രൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മുതിർന്ന പൗരന്മാർ, ഓഫീസുകളിൽ പോകുന്നവർ, യുവജനങ്ങൾ എന്നിവരെക്കൂടി പരിഗണിച്ചും പകൽ സമയത്തെ തിരക്ക് കുറയ്ക്കുന്നതിനുമാണ് സമയം നീട്ടിനൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രേക്ഷകരുടെ കാഴ്ചപ്പാട് മുൻനിർത്തിയാണ് മേള 24 മണിക്കൂറുമാക്കാൻ തീരുമാനിച്ചതെന്ന് അക്കാദമി ചെയർമാൻ രവീന്ദ്രൻ പറഞ്ഞു. സിനിമ കാണുക എന്നതിലുപരി അതനുഭവിക്കാനാണ് ഡെലിഗേറ്റുകൾ മേളയ്ക്കെത്തുന്നത്. രാവോ പകലോ ഏതു സമയത്തും സിനിമ കാണാൻ കഴിയുന്ന സാഹചര്യം ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും രവീന്ദ്രൻ വ്യക്തമാക്കി.
ഐ.എഫ്.എഫ്.കെയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ മുഴുവൻ സമയ ഉത്സവ കേന്ദ്രമായി മാറ്റും. കൂടാതെ ഒന്നിലധികം വേദികളിലായി ദിവസവും ശരാശരി രണ്ട് ഷോകൾ കൂടി വർദ്ധിപ്പിക്കാനും അക്കാദമി പദ്ധതിയിടുന്നുണ്ട്. രാവിലെ 7 മണിക്ക് പ്രദർശനം ആരംഭിക്കാനാണ് പദ്ധതി. മുതിർന്ന പൗരന്മാർക്കും ഓഫീസ് ജോലിക്കാർക്കും ഈ സമയം ഏറെ സൗകര്യപ്രദമായിരിക്കും. മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രഭാത നടത്തത്തിനു ശേഷം തിയേറ്ററിലെത്തി സിനിമ കാണാം. തുടർന്ന് വീട്ടിൽ പോയി വിശ്രമിക്കുകയും ചെയ്യാം. 'മോർണിംഗ് വാക്കിനൊപ്പം സിനിമ' എന്ന ആശയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രവീന്ദ്രൻ പറഞ്ഞു.
"രാത്രി വൈകിയും രാവിലെ നേരത്തെയും വേദികളിൽ അനുഭവപ്പെടുന്ന തിരക്കും നീണ്ട നിരയും കുറയ്ക്കുക എന്നതാണ് സമയപരിധി നീട്ടുന്നതിന്റെ പ്രധാന ലക്ഷ്യം. കൂടുതൽ ഷോകളും വലിയ ഓഡിറ്റോറിയങ്ങളും ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ഡെലിഗേറ്റുകൾക്ക് ജനപ്രിയ സിനിമകൾ കാണാൻ അവസരം ലഭിക്കും. പോലീസിന്റെ അനുമതിയും സുരക്ഷാകാരണങ്ങളും കണക്കിലെടുത്ത്, രാത്രി വൈകി ഒന്നിലധികം വേദികൾ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാൽ ഒരു പ്രധാന വേദി മുഴുവൻ സമയവും സജീവമാക്കി നിലനിർത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇവിടെ ഡെലിഗേറ്റുകൾക്ക് ഏതു സമയത്തും വന്ന് സിനിമ കണ്ട് മടങ്ങാം. നിശാഗന്ധി ഓഡിറ്റോറിയവും മറ്റ് ചില പ്രധാന വേദികളും രണ്ട് രാത്രി ഷോകളിൽ മാത്രം ഒതുക്കാതെ മുഴുവൻ രാത്രിയും പ്രദർശനം നടത്തുന്ന വേദികളാക്കി മാറ്റാൻ കഴിയുമോ എന്നും ഞങ്ങൾ പരിശോധിക്കുന്നുണ്ട്. " ചെയർമാൻ കൂട്ടിച്ചേർത്തു.
രാത്രി വൈകിയുള്ള ഷോകൾ യുവജനങ്ങളെയും, പ്രത്യേകിച്ച് രാത്രിയിൽ സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ജെൻ-സീ സിനിമാപ്രേമികളെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തർദേശീയ തലത്തിൽ പ്രശസ്തമായ മേളയുടെ 31-ാമത് പതിപ്പ് ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കും.
Content Highlights: Organizers of the 31st International Film Festival of Kerala (IFFK), led by Chalachitra Academy Chairman Raveendran, have announced round-the-clock 24-hour screenings across key venues like Tagore Theatre from December 11 to 18 to reduce rush and cater to all demographic groups.