‘തുടർദുരന്തം അവസാനിക്കണം; കടക്കുപുറത്ത്, വീട്ടിൽപോയി ഇരിക്ക്’; സർക്കാരിനെതിരെ ഫിലിം ചേംബർ പ്രസിഡന്റ്

#Movies Desk
പിണറായി വിജയൻ, അനിൽ തോമസ് | Photo: Facebook/ Pinarayi Vijayan, Anil Thomas
പിണറായി വിജയൻ, അനിൽ തോമസ് | Photo: Facebook/ Pinarayi Vijayan, Anil Thomas

പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസ്. എൽഡിഎഫ് സർക്കാർ പരാജയമാണെന്നും മാറണമെന്നുമുള്ള തന്റെ നിലപാട് സിനിമാമേഖലയിലെ അനുഭവം വെച്ചാണ് പറയുന്നതെന്ന് അനിൽ തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. പത്തുവർഷക്കാലം സിനിമാമേഖലയ്ക്ക് ദുരന്തം മാത്രമാണ് നൽകിയത്. കേരളത്തിൽ നികുതിക്കൊള്ള നടക്കുകയാണ്. സിനിമാ മന്ത്രി വ്യവസായത്തിന് ഒന്നും നൽകാൻ കഴിയാത്ത നിസ്സഹായനായിരുന്നു. മുഖ്യമന്ത്രി ആവശ്യങ്ങൾ നടത്തിത്തരാൻ സമയം കണ്ടെത്തിയില്ലെന്നും അനിൽ തോമസ് കുറ്റപ്പെടുത്തി. 'തുടർദുരന്തം അവസാനിക്കണം' എന്ന് തുടങ്ങുന്ന കുറിപ്പ്, 'കടക്കുപുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്' എന്നാണ് അവസാനിക്കുന്നത്.

അനിൽ തോമസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

തുടർ ദുരന്തം അവസാനിക്കണം...

ഏപ്രിൽ 9,2026,കേരള നിയമംസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ, സ്ഥിരതയും വിവരവും, വിവേകവും ഉള്ള ഒരു സർക്കാർ കേരളം ഭരിക്കേണ്ട ആവകത ആണ് ഇപ്പോൾ ഉള്ളത്, പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കി വിടേണ്ട സമയം ആയി...

എന്തുകൊണ്ട് LDF സർക്കാർ പരാജയവും, മാറണം എന്ന് ഞാൻ പറയുന്നത് എന്റെ മേഖല ആയ സിനിമ മേഖലയുടെ അവസ്ഥയും അനുഭവും വെച്ചാണ്...

പുറത്തു പോകാൻ ഒരുങ്ങുന്ന സർക്കാരിന് മുൻപുള്ള സർക്കാരും കഴിഞ്ഞ പത്ത് വർഷം സിനിമ മേഖലക്ക് നൽകിയത് ദുരന്തം മാത്രമാണ്. 2017ൽ ആണല്ലോ ജി എസ് റ്റി നടപ്പിലാക്കിയത്, ഒറ്റ രാജ്യം ഒറ്റ നികുതി എന്നാണല്ലോ മുദ്രാവാക്യം പക്ഷെ കേരളത്തിൽ നടക്കുന്നതോ നികുതി കൊള്ള..

ജി എസ് റ്റി നടപ്പിൽ വന്നപ്പോൾ സിനിമ വ്യവസായം ഒന്നടങ്കം ആവശ്യപ്പെട്ടത് അനുസരിച്ച് അപ്പോൾ ചുമത്തപ്പെട്ടിരുന്ന വിനോദനികുതി പൂർണമായും ഒഴിവാക്കി എന്നാൽ ഒരു വർഷം തികയും മുൻപ് അന്നത്തെ ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക്ക് വിനോദനികുതി തിരിച്ചു കൊണ്ട് വന്നു, സിനിമ മേഖല ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടും അദ്ദേഹം കരുണ കാട്ടിയില്ല, ഒരു ഉഗ്രൻ കണ്ടെത്തലും നടത്തി 'നിങ്ങൾ എന്തിന് ബേജാർ ആവണം സിനിമ കാണുന്ന പ്രേക്ഷകൻ അല്ലെ നികുതി നൽകുന്നത് '. ശെരിയാണ് മറ്റ് അനേകം നികുതിപോലെ ചുമ്മാ ഒരെണ്ണം ഇരിക്കട്ടെ പ്രേക്ഷകന്റെ തലക്ക്...

ജി എസ് റ്റി നഷ്ടപരിഹാരം എണ്ണി വാങ്ങിയ മന്ത്രി, അതും കൂടാതെ ജി എസ് റ്റി സർക്കാർ ഖജനാവിലേക്കും, വിനോദനികുതി പ്രാദേശിക സർക്കാരുകൾക്കും പിരിക്കാൻ സൗകര്യം ഒരുക്കി അങ്ങനെ കൊള്ള തുടർന്നു, പിന്നെ വന്ന മന്ത്രി ബാലഗോപാലും ഈ കൊള്ള തുടർന്നുകൊണ്ടേ ഇരിക്കുന്നു,കൂടാതെ നികുതി കുടിശ്ശിക വന്നാൽ 24%പലിശ കൂടി പിരിച്ച് സർക്കാർ വക ബ്ലേഡ് കമ്പനി കഴിഞ്ഞ അഞ്ച് വർഷത്തെ ധനമന്ത്രിയുടെ വക സംഭാവന,ഇതെല്ലാം നടക്കുമ്പോഴും സിനിമക്കും ഒരു മന്ത്രി ഉണ്ട് ഈ വ്യവസായത്തിന് ഒന്നും നൽകാൻ കഴിയാതെ ഇരുന്ന ഒരു നിസ്സഹായൻ...

ഇവരുടെ എല്ലാം മുകളിൽ എല്ലാ അധികാരങ്ങളും സ്വന്തം താല്പര്യത്തിന് വേണ്ടി നടത്തുന്ന ഒരു മുഖ്യമന്ത്രിയും സിനിമ വ്യവസായത്തിന്റെ ആവശ്യങ്ങൾ ഒന്നും തന്നെ നടത്തി തരാൻ സമയം കണ്ടെത്തിയില്ല, ബാറുകൾക്ക് പ്രവർത്തന സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം എടുത്ത സർക്കാർ, ഇരട്ട നികുതി ഒഴിവാക്കാൻ പത്തുവർഷമായി ഞങ്ങൾ ആവശ്യം തുടർച്ചയായും ഉന്നയിച്ചിട്ടും പരിഗണിക്കാതെ ഇരിക്കുമ്പോൾ നിങ്ങൾ എത്രയും വേഗം ഒന്ന് പോയി കിട്ടിയാൽ എന്ന ആഗ്രഹം ഇവിടെ കുറിക്കുന്നു, അതിനുള്ള വിവരം ഈ നാട്ടിലെ ജനത്തിന് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു....

സിനിമ എന്ന വ്യവസായത്തെ സംബന്ധിച്ച് ഇത് ഒരു കാര്യം മാത്രം, ഒട്ടനവധി കാര്യങ്ങൾ ഉണ്ട് വ്യവസായമായി അംഗീകാരം ലഭിക്കാതെ വ്യവസായം എന്ന് പേരിനൊപ്പം ചേർക്കുന്ന സിനിമക്ക് ലഭിക്കാനുള്ളത്...

കാത്തിരിക്കുന്ന മെയ് 4ന് വേണ്ടി...

കടക്കു പുറത്ത്.

എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.

കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ.

Content Highlights: Anil Thomas calls for the removal of the LDF government after 10 years of alleged failure. Claims of excessive tax burden on the Kerala film industry through double taxation. Criticism of the current administration's failure to address industry-specific needs. Call for a more competent government following the 2026 elections. Direct appeal to voters to make an informed decision for the state's future