9 സൂപ്പർഹിറ്റ്, 16 ഹിറ്റ്; 185-ൽ 150 ചിത്രങ്ങളും പരാജയമെന്ന് ഫിലിം ചേംബർ, 530 കോടി നഷ്ടം

കൊച്ചി: കഴിഞ്ഞവർഷം മലയാളത്തിലിറങ്ങിയ 185-ൽ 150 ചിത്രങ്ങളും പരാജയമായിരുന്നുവെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്ക്. ഒൻപത് ചിത്രങ്ങൾ സൂപ്പർഹിറ്റും 16 ചിത്രങ്ങൾ ഹിറ്റുമായി. പത്തുചിത്രങ്ങൾ ഒടിടി വഴി കൂടി ലഭിച്ച വരുമാനത്തോടെ മുടക്കുമുതൽ തിരിച്ചുപിടിച്ചുവെന്നും ചേംബർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
'185 സിനിമകൾ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവർഷത്തിൽ തിയേറ്ററിൽ പ്രദർശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതൽമുടക്ക് 860 കോടി രൂപയോളം വരും. മുടക്കുമുതൽ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടി നഷ്ടം സംഭവിച്ച വർഷമാണ് 2025. റീ റിലീസ് ചിത്രങ്ങൾ ട്രെൻഡ് ആയെങ്കിലും എട്ടു പഴയ മലയാള ചിത്രങ്ങൾ റീ റിലീസ് ചെയ്തതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചത്', ചേംബറിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, വിജയിച്ച ചിത്രങ്ങളുടെ പട്ടിക ചേംബർ പുറത്തുവിട്ടിട്ടില്ല.
നേരത്തേ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പേരിൽ പുറത്തുവന്ന വിജയ ചിത്രങ്ങളുടെ കണക്ക് വലിയ വിവാദമുണ്ടാക്കിയിരുന്നു. കഴിഞ്ഞവർഷം എട്ടുസൂപ്പർ ഹിറ്റുകളും ഏഴ് ഹിറ്റുകളുമടക്കം 15 സിനിമകളാണ് ബോക്‌സ് ഓഫീസിൽ ലാഭമുണ്ടാക്കിയത് എന്നായിരുന്നു അസോസിയേഷന്റെ പേരിൽ പുറത്തുവന്ന കണക്കുകൾ. നിർമാതാക്കൾക്ക് 360 കോടിയുടെ നഷ്ടമുണ്ടായെന്നും വർഷം അവസാനിക്കുംമുമ്പ് പുറത്തുവന്ന റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു.
ഫിലിം ചേംബർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയുടെ പൂർണ്ണരൂപം:
2025 മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വർഷമായിരുന്നു. 185-ഓളം പുതിയ ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററിൽ റിലീസ് ചെയ്തത്. എന്നാൽ ഇതിൽ എത്ര ചിത്രങ്ങൾലാഭമുണ്ടാക്കി? എത്ര കോടി രൂപയാണ് ഇൻഡസ്ട്രിക്ക് നഷ്ടം സംഭവിച്ചത്? മലയാള സിനിമയുടെ 2025-ലെ ബോക്‌സ് ഓഫീസ് റിപ്പോർട്ടിലേക്ക് നമുക്കൊന്ന് തിരിഞ്ഞ് നോക്കാം
185 സിനിമകൾ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവർഷത്തിൽ തിയേറ്ററിൽ പ്രദർശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതൽമുടക്ക് 860 കോടി രൂപയോളം വരും. അതിൽ ഒൻപത് ചിത്രങ്ങൾ സൂപ്പർ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങൾ ഹിറ്റ് എന്ന ഗണത്തിലും, തിയേറ്റർ വരുമാനംലഭിച്ച കണക്കുകൾപ്രകാരം വിലയിരുത്താം.
കൂടാതെ തിയേറ്റർ റിലീസ് ചെയ്ത് ആവറേജ് കളക്ഷൻ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങൾ കൂടി മുടക്ക് മുതൽ തിരികെ ലഭിച്ചതായി കണക്കാക്കാം. 150-ഓളം ചിത്രങ്ങൾ തിയേറ്ററിൽ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതൽ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടി നഷ്ടം സംഭവിച്ച വർഷമാണ് 2025.
2025- ൽ റീ റിലീസ് ചിത്രങ്ങൾ ട്രെൻഡ് ആയെങ്കിലും എട്ട് പഴയ മലയാള ചിത്രങ്ങൾ റീ റീലീസ് ചെയ്തതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചത്. 2025-നെ സംബന്ധിച്ച് ഇൻഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിന്റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്തമായ പ്രമേയങ്ങളാണ് പ്രേക്ഷകർക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026 സംബന്ധിച്ചിടത്തോളം ഒരുപിടി മികച്ച ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ.
Content Highlights: Kerala Film Chamber reveals 150 out of 185 Malayalam films failed in 2025, resulting in a massive ₹530 crore loss