2025-ലെ ചലച്ചിത്ര അവാർഡ് ജൂറി ഉടൻ, രണ്ടുവർഷത്തെ ടെലിവിഷൻ അവാർഡ് ഒന്നിച്ചുനൽകും- മന്ത്രി വിഷ്ണുനാഥ്

#സ്വന്തം ലേഖകൻ
പി.സി. വിഷ്ണുനാഥ് | Photo: Facebook/ Kerala State Chalachitra Academy
പി.സി. വിഷ്ണുനാഥ് | Photo: Facebook/ Kerala State Chalachitra Academy

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ചലച്ചിത്ര അക്കാദമിയിലെ എക്സിബിഷൻ ഹാളിന്, മുൻ ചെയർമാൻകൂടിയായ സംവിധായകൻ ഷാജി എൻ. കരുണിന്റെ പേരിടുമെന്ന് അക്കാദമി സന്ദർശിച്ച മന്ത്രി പറഞ്ഞു.

കഴക്കൂട്ടം കിൻഫ്രാ ഫിലിം ആൻ‍ഡ് വീഡിയോ പാർക്കിൽ നടൻ സത്യന്റെ സ്മാരകമായി നിർമിച്ച ആസ്ഥാനമന്ദിരവും സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻ‍ഡ് ആർക്കൈവ്സ് (സിഫ്ര) എന്ന ചലച്ചിത്രഗവേഷണ കേന്ദ്രത്തിലും മന്ത്രിയെത്തി. 2025-ലെ ചലച്ചിത്ര അവാർഡ് നിർണയിക്കാൻ ജൂറി രൂപവത്കരിച്ച് ഉടൻ സ്‌ക്രീനിങ് ആരംഭിക്കും. 2024-ലെയും 2025-ലെയും ടെലിവിഷൻ അവാർഡുകൾ ഒന്നിച്ചുനൽകുന്നതും പരിഗണനയിലാണ്.

കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഫിലിം സിറ്റിക്ക് സ്ഥലമേറ്റെടുക്കാനുള്ള അന്തിമ നടപടിക്രമങ്ങളിലേക്കു കടക്കുകയാണ്. സ്ഥലമെടുത്താൽ സർക്കാർ നൂറുദിനം തികയ്ക്കുന്നതിനു മുൻപുതന്നെ ഫിലിം സിറ്റിയുമായ് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടറിയുടെ ചുമതലയുള്ള സജിത്ത് സി.സി., ട്രഷറർ രജികുമാർ ആർ., ഡെപ്യൂട്ടി ഡയറക്ടർമാരായ എച്ച്.ഷാജി, എൻ.പി.സജീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlights: Jury formation for 2025 Kerala Film Awards to commence shortly. 2024 and 2025 Television Awards to be presented together. Shaji N. Karun's name to be honored at the Film Academy exhibition hall. Final land acquisition steps for JC Daniel Film City in Kochi are underway