‘ഇടതാണെങ്കിലും വലതാണെങ്കിലും നേരെയുള്ള ഭരണം വരട്ടെ; കൈയെത്തും ദൂരത്തുള്ള ഭരണസംവിധാനം വരണം’

സമ്മതിദാനാവകാശം വിനിയോഗിച്ചശേഷം പ്രതികരിച്ച് മലയാള സിനിമയിലെ താരങ്ങൾ. ഇടതാണെങ്കിലും വലതാണെങ്കിലും നേരെയുള്ള ഭരണം വരട്ടെയെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യമുള്ള, നമുക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാകണം വരേണ്ടതെന്ന് ആസിഫ് അലി പ്രതികരിച്ചു. തന്റെ സ്വഭാവത്തിന് ചേർന്ന രാഷ്ട്രീയം ഉള്ളിലുണ്ടെന്ന് വോട്ട് ചെയ്ത ശേഷം നടൻ നിഷാന്ത് സാഗർ പറഞ്ഞു. ജനങ്ങളുടെ പക്ഷം ജയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ചാക്കോ ബോബൻ
‘ഏതുപരിപാടിക്കാണെങ്കിലും ആലപ്പുഴയിൽ വരിക എന്നത് സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ വോട്ടവകാശം ഏറ്റവും ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്. വിജയിക്കുന്നവർക്ക് ഏറ്റവും നല്ല രീതിയിൽ നാടിനെ സേവിക്കാൻ സാധിക്കട്ടെ. തുടർഭരണമാണെങ്കിലും അല്ലെങ്കിലും നല്ല ഭരണമുണ്ടാകട്ടെ എന്നാണ് എല്ലാ ജനങ്ങളേയും പോലെ ഞാനും ആഗ്രഹിക്കുന്നത്. ഇടതാണെങ്കിലും വലതാണെങ്കിലും നേരെയുള്ള ഭരണം വരട്ടെ.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹമില്ല. സിനിമാ മേഖലയിൽനിന്നുള്ള ആളുകൾ രാഷ്ട്രീയത്തിൽ വരുന്നുണ്ട്. സിനിമയിൽനിന്നുള്ള ഒരു സുഹൃത്ത് മത്സരത്തിനുണ്ട്. അദ്ദേഹത്തിന് വ്യക്തിപരമായ വിജയാശംസ നേരുന്നു. നല്ല വ്യക്തിത്വങ്ങൾ വിജയിക്കട്ടെ. നാടിന് നന്മ ചെയ്യാനുള്ള കഴിവും പ്രാപ്തിയും ആഗ്രഹവുമുള്ള നല്ല മനസുള്ളവർ, അത് ഏത് പാർട്ടിയായാലും വിജയിക്കട്ടെ.’
ആസിഫ് അലി
‘അഭിപ്രായ സ്വാതന്ത്ര്യമുള്ള, നമുക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാകണം വരേണ്ടത്. നമ്മുടെ കൈയെത്തും ദൂരത്തുള്ള ഭരണസംവിധാനം വരണം. അതാണ് നമ്മൾ ശീലിച്ചതും. ഏറ്റവും കൂടുതൽ പേർ സോഷ്യൽ മീഡിയയിലൂടെയാണ് ഇപ്പോൾ ആശയവിനിമയം നടത്തുന്നത്. നേരിട്ട് കണ്ട് കാര്യങ്ങൾ പറയുന്ന കാലം മാറി. രമേഷ് പിഷാരടി മാത്രമല്ല, അറിയാവുന്ന മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പരിചയക്കാരായി ഒരുപാടുപേർ ഉള്ളൊരു നാടാണ്.
പി.ജെ. ജോസഫ് സാർ മാറി നിൽക്കുന്നുവെന്നതും അടുത്ത തലമുറ വരുന്നു എന്നതുമെല്ലാം നമ്മുടെ നേതാക്കന്മാർക്കുള്ള പക്വതയായിട്ടാണ് തോന്നുന്നത്. കാരണം അവർ മനസിലാക്കുകയും പുതിയ തലമുറയ്ക്ക് കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുത്ത് മാറിനിൽക്കുകയും ചെയ്യുന്നത് മുതിർന്ന രാഷ്ട്രീയനേതാക്കൾ പിന്തുടരേണ്ട കാര്യംതന്നെയാണ്. ഞാൻ തിരഞ്ഞെടുപ്പിന് നിൽക്കുന്നുണ്ടോയെന്ന് ജോസഫ് സാർ വിളിച്ചു ചോദിച്ചിരുന്നു. അത് എനിക്കും വീട്ടിലെല്ലാവർക്കും വലിയ അദ്ഭുതമായിരുന്നു. ചെറുപ്പത്തിൽ ഞാൻ പഠിച്ച രണ്ടുപേരുകളാണ് പി.ടി, തോമസും പി.ജെ. ജോസഫും. അവരുമായി വളരെ ചെറുപ്പത്തിലേ അടുപ്പമുണ്ട്. സിനിമയിൽ തുടരാനാണ് എന്നും ആഗ്രഹം.’
നിഷാന്ത് സാഗർ
‘പി.ജെ. ജോസഫ് സാറിന്റെ മുഖമാണ് തിരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ മകനാണ് മത്സരിക്കുന്നത്. എല്ലാവർക്കും ആശംസകൾ നേരുന്നു. നമ്മുടെയെല്ലാം സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രീയം എന്ന് തോന്നിയിട്ടുണ്ട്. എന്റെ സ്വഭാവത്തിനുചേർന്ന രാഷ്ട്രീയം എനിക്കുണ്ട്.’
Content Highlights: Malayalam actors Kunchacko Boban, Asif Ali, and Nishanth Sagar cast their votes and expressed their desire for a transparent, approachable government that prioritizes the welfare of the people regardless of political affiliation.