വില 7.5 ലക്ഷം, മോഷ്ടിക്കപ്പെട്ടത് 2023ൽ; കീനു റീവ്സിന്റെ ആഡംബര വാച്ച് കണ്ടെത്തി, മറ്റൊരു രാജ്യത്ത്

നടൻ കീനു റീവ്സ് | ഫോട്ടോ: AP
നടൻ കീനു റീവ്സ് | ഫോട്ടോ: AP

ഹോളിവുഡ് താരം കീനു റീവ്സിന്റെ മോഷണംപോയ വാച്ചുകൾ ചിലിയിൽനിന്ന് കണ്ടെത്തി. 2023 ഡിസംബറിൽ താരത്തിന്റെ ലോസ് ആഞ്ജലിസിലെ വസതിയിൽനിന്നാണിവ മോഷണംപോയത്. ഇക്കൂട്ടത്തിലെ റോളക്സ് വാച്ചിന് ഏകദേശം ഏഴരലക്ഷം രൂപ വിലവരും. ഈസ്റ്റേൺ സാന്റിയാ​ഗോയിൽ നടന്ന ഒരു റെയ്ഡിലാണിവ കണ്ടെത്തിയത്.

പ്രാദേശികമായി നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് നാല് വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് കീനു റീവ്സ് ഉപയോ​ഗിച്ചിരുന്ന വാച്ചുകൾ കണ്ടെത്തിയത്. കൂടാതെ വിലപിടിപ്പുള്ള മറ്റുചില വസ്തുക്കളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കീനു റീവ്സിന്റേതായി കണ്ടെത്തിയതിൽ ഒരെണ്ണം റോളക്സ് സബ്മറൈൻ വാച്ചാണ്. ഇതിൽ അദ്ദേഹത്തിന്റെ പേരും 2021 JW താങ്ക് യൂ, ദ ജോൺ വിക്ക് 5 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മോഷണവുമായി ബന്ധപ്പെട്ട് 21 വയസുള്ള യുവാവ് അറസ്റ്റിലായിട്ടുണ്ട്. കേസിൽ ചിലി അധികൃതർ അമേരിക്കൻ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. 2023 ൽ കീനു റീവ്സിന്റെ വീട്ടിൽ നടന്ന മോഷണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അന്വേഷണസംഘത്തെ ഇത് സഹായിക്കുമെന്നാണ് വിവരം. 

അതേസമയം ജോൺ വിക്ക് ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകൾക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. മുൻചിത്രങ്ങളിലേതുപോലെ സംഘട്ടനരം​ഗങ്ങൾ ചെയ്യാൻ തനിക്ക് സാധിക്കുമോയെന്ന് അറിയില്ലെന്ന് കഴിഞ്ഞദിവസമാണ് റീവ്സ് പറഞ്ഞത്. ചെയ്യൂ എന്ന് ഹൃദയം പറഞ്ഞാലും ശരീരം സമ്മതിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Content Highlights: Watches stolen from Keanu Reeves` home in December 2023 have been recovered in Chile