എന്തുകൊണ്ട് ഈ കഥകളുമായി എൻ്റെയടുത്ത് വന്നില്ലെന്ന് രജനി സാർ ചോദിച്ചു- കാർത്തിക് സുബ്ബരാജ്

രജനികാന്തിനൊപ്പം കാർത്തിക് സുബ്ബരാജ് | photo: x/karthik subbaraj
രജനികാന്തിനൊപ്പം കാർത്തിക് സുബ്ബരാജ് | photo: x/karthik subbaraj

ജനികാന്തുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് വാചാലനായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. രജനികാന്തിനെ മനസ്സിൽ കണ്ടുകൊണ്ടാണ് താൻ എല്ലാ കഥകളും എഴുതാറുള്ളതെന്നും സിനിമയ്ക്കുള്ള ചെറിയ ആശയങ്ങൾ കിട്ടുമ്പോൾത്തന്നെ അത് അദ്ദേഹവുമായി പങ്കുവെക്കാറുണ്ടെന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ്റെ പ്രതികരണം. 

'ഞാൻ സംവിധാനം ചെയ്ത ജിഗർത്തണ്ട ഡബിൾ എക്സിൻ്റെയും മഹാൻ എന്ന ചിത്രത്തിൻ്റേയും കഥ ആദ്യമായി പറയുന്നത് രജനി സാറിനോടാണ്. രാഘവ ലോറൻസ് അവതരിപ്പിച്ച കഥാപാത്രം രജനി സാർ അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് ആദ്യം തോന്നിയിരുന്നു. ''പേട്ട''യ്ക്ക് ശേഷമാണ് ഈ കഥ അദ്ദേഹത്തോട് പറയുന്നത്. അന്ന് ഇത്ര വിപുലമായല്ല കഥ പറഞ്ഞത്.

''ജിഗർത്തണ്ട ഡബിൾ എക്സ്'' കണ്ടതിനുശേഷം രജനി സാർ വിളിച്ചിരുന്നു. എന്തുകൊണ്ട് തന്നോട് ഈ കഥ പറഞ്ഞില്ലെന്ന് ചോദിച്ചു. സാറിനോട് ഈ കഥ പറഞ്ഞിട്ടുണ്ടായിരുന്നെന്നും ഇന്ന് കാണുന്നതുപോലെ വിപുലമായ കഥയല്ല പറഞ്ഞതെന്നും ഞാൻ അറിയിച്ചു. പിന്നീട് ''മഹാൻ'' കണ്ടിട്ടും രജനി സാർ വിളിച്ചു. എന്തുകൊണ്ട് അദ്ദേഹത്തിനെ ഈ കഥയുമായി സമീപിച്ചില്ലെന്ന് ചോദിച്ചു. ഈ കഥയും ചെറിയൊരു ആശയമായി പറഞ്ഞിരുന്നെന്ന് ഞാൻ സാറിനോട് പറഞ്ഞു. 

എന്റെ മനസ്സിൽ ചെറിയ ആശയം വരുമ്പോൾത്തന്നെ ‍ഞാൻ അത് രജനി സാറുമായി പങ്കുവെക്കും. പക്ഷേ ഇനി ഞാൻ കഥ വിപുലമായി തയാറാക്കി പൂർണ സജ്ജനായിട്ടേ അദ്ദേഹത്തോട് അവതരിപ്പിക്കൂ', കാർത്തിക് സുബ്ബരാജ് പറഞ്ഞു.  

രജനികാന്ത് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'വേട്ടയ്യൻ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ടി.ജെ  ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് കാർത്തിക് സുബ്ബരാജാണ്. അതേസമയം, സൂര്യ നായകനാകുന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് കാർത്തിക് സുബ്ബരാജ് ഇപ്പോൾ. 'സൂര്യ 44' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തിൽ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. 
 

Content Highlights: Karthik Subbaraj reveals he pitched Mahaan story to rajanikanth