കരിക്ക് ടീമിന്റെ ആദ്യചിത്രം 'ഗുഡ് ലക്ക് ചിക്കോ'; ടൈറ്റിൽ പുറത്ത്

#Movies Desk
'ഗുഡ് ലക്ക് ചിക്കോ' ടൈറ്റിൽ പോസ്റ്റർ
'ഗുഡ് ലക്ക് ചിക്കോ' ടൈറ്റിൽ പോസ്റ്റർ

മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്‌സിൽ ഒന്നായ 'കരിക്ക്' ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'ഗുഡ് ലക്ക് ചിക്കോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അനന്തു ആണ് നിർമിക്കുന്നത്. തിരുവോണം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. നിഖിൽ ജി. പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. അനന്തുവും നിഖിൽ ജി പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഡോ. അനന്തു നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'കരിക്ക്' ടീം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നത് മുതൽ ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഗുഡ് ലക്ക് ചിക്കോ'.

'കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ അഭിനേതാക്കളും മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ. അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.

2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച 'കരിക്ക്' യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയെടുത്ത ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെ വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ 'കരിക്ക്' പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന സിൽവർ സ്‌ക്രീൻ അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. അതിനു പൂർണ പിന്തുണയുമായാണ് ഡോ. അനന്തുവും പ്രൊഡക്ഷൻ ബാനറും അവർക്കൊപ്പം കൈകോർക്കുന്നത്.

ഛായാഗ്രഹണം: അഖിൽ സേവ്യർ, ഗാനങ്ങൾ, പശ്ചാത്തല സംഗീതം: യാക്സൻ ഗാരി പെരേര, നേഹ നായർ, സൗണ്ട് ഡിസൈനർ: നിക്സൺ ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ: അനീറ്റ അബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിദ്ധാർഥ് കെ.ടി, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: അമൽ സേവ്യർ മനക്കത്തറയിൽ, കോസ്റ്റ്യൂം ഡിസൈനർ: ഗായത്രി കിഷോർ, ആക്ഷൻ: സ്റ്റീവൻ കുമാർ, ഫെലിക്‌സ് ഫുകുയോഷി , മേക്കപ്പ്: അർഷാദ് വർക്കല, അഡീഷണൽ സ്റ്റണ്ട്: റോബിൻ ടോം, വിഎഫ്എക്‌സ്: മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോ, പ്രൊഡക്ഷൻ കൺട്രോളർ: ജീബു ഗോപാൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നിഖിൽ ജോർജ്, പോസ്റ്റർ ഡിസൈൻ: ബിനോയ് ജോൺ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Karikku team is making their silver screen debut with the film 'Good Luck Chicho'. Directed by Nikhil G. Prasad and produced by Dr. Ananthu under Dr. Ananthu Productions and Karikku Studio. Features popular actors from Karikku web series alongside notable Malayalam film actors. Title poster was released on the occasion of Thiruvonam.