പൊതുവേദിയിൽ നടി അനന്യ പാണ്ഡേയോട് മോശമായി പെരുമാറി കരൺ ജോഹർ, അസ്വസ്ഥയായി നടി; വിവാദം

#മൂവി ഡെസ്ക്

സംവിധായകനും നിർമാതാവുമായ കരൺ ജോഹർ നടി അനന്യ പാണ്ഡേയോട് മോശമായി പെരുമാറിയെന്ന് ആരോപണം. പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണം. ചടങ്ങ് നടക്കുന്നതിനിടെ കരൺ ജോഹർ അനന്യയുടെ ഇടുപ്പിൽ തലോടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ കരൺ നേരിട്ടുകൊണ്ടിരിക്കുന്നത്.

താരങ്ങൾക്കൊപ്പം അതിഥിയായാണ് കരൺ ജോഹർ ചടങ്ങിൽ പങ്കെടുത്തത്. ഇതിനിടെ അദ്ദേഹം നടിയുടെ ഇടുപ്പിൽ പിടിക്കുകയും തലോടുകയുമായിരുന്നു. കരണിന്റെ ഈ പ്രവൃത്തി അശ്ലീലമാണെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന വിമർശനം. ഇത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. കരൺ ജോഹറിന്റെ പെരുമാറ്റത്തിൽ നടി അസ്വസ്ഥയാണെന്ന് വീഡിയോയിൽ വ്യക്തമാണ്. കരൺ കൈവെച്ചപ്പോൾ അനന്യ ചിരിച്ചുകൊണ്ട് അത് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും, കയ്യെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും വിമർശനമുണ്ട്.

അനന്യ പാണ്ഡെയെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് കരൺ ജോഹറാണെങ്കിലും, ഇങ്ങനെയൊരു പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആരാധകർ. സംഭവത്തിൽ കരൺ ജോഹറോ അനന്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായല്ല കരൺ ജോഹർ വിവാദത്തിൽ അകപ്പെടുന്നത്. തന്റെ ടോക്ക് ഷോ ആയ കോഫീ വിത്ത് കരണിൽ താരങ്ങളോട് അവരുടെ സ്വകാര്യ ജീവിതത്തേക്കുറിച്ചും ലൈംഗിക താത്പര്യത്തെക്കുറിച്ചും നേരിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അദ്ദേഹത്തെ വിവാദങ്ങളിൽ എത്തിച്ചിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ബന്ധങ്ങളെക്കുറിച്ച് അവർ ആഗ്രഹിക്കാത്ത സമയത്ത് പരസ്യമായി വിളിച്ച് പറയുന്ന ശീലം കരണിനുണ്ടെന്ന് ആരോപണമുണ്ട്. സാറാ അലി ഖാൻ, അനന്യ പാണ്ഡെ എന്നിവരുടെ പ്രണയബന്ധങ്ങളെക്കുറിച്ച് ഷോയിൽ വച്ച് കരൺ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു.

Content Highlights: Karan Johar faces backlash for allegedly touching Ananya Panday inappropriately during a film promotion event. Videos show the actress appearing uncomfortable. Read more about the controversy.