ആ പേരിന് പിറകേ പോകരുതെന്ന് പ്രേക്ഷകരോട് റോബി വര്‍ഗീസ്; ജിതിന്‍ ലാലിനോട് മാപ്പും

റോബി വര്‍ഗീസ് രാജ്, ജിതിന്‍ ലാല്‍
റോബി വര്‍ഗീസ് രാജ്, ജിതിന്‍ ലാല്‍

മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്' സിനിമയെ കുറ്റം പറഞ്ഞ സംവിധായകനെക്കുറിച്ചുള്ള റോബി വര്‍ഗീസ് രാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു ചിത്രം റിലീസ് ചെയ്തതിന്റെ രണ്ടാം ദിനത്തില്‍ ഒരു തിയേറ്ററില്‍ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു സംവിധായകന്‍ കമന്റ് പറഞ്ഞത് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നും അതുകണ്ട് വലിയ വിഷമം തോന്നിയെന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു പ്രമുഖ നടനെ വെച്ച് ഈ പറഞ്ഞ സംവിധായകന്‍ ഇപ്പോള്‍ സിനിമ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ സംവിധായകന്‍ ആരാണെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍ രംഗത്തുവന്നു. ടൊവിനോയെ നായകനാക്കി അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്ന ജിതിന്‍ ലാല്‍ ആണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. തുടര്‍ന്ന് സംവിധായകന്‍ റോബി വര്‍ഗീസ് രാജ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഈ സംഭവവുമായി ജിതില്‍ ലാലിന് യാതൊരു ബന്ധമില്ലെന്നും ഈ വിവാദത്തിന്റെ പേരില്‍ കുറച്ച് മണിക്കൂറുകള്‍ അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് പറയുന്നുവെന്നും റോബി വര്‍ഗീസ് രാജ് വ്യക്തമാക്കി.

റോബി രാജിന്റെ കുറിപ്പ്

എന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം സംഭവങ്ങള്‍ എല്ലായിടങ്ങളിലും നടക്കുന്നതാണെന്ന് ഞാന്‍ മനസ്സിലാക്കണമായിരുന്നു. മാത്രമല്ല ആ അഭിമുഖത്തില്‍ എന്റെ വികാരം നിയന്ത്രിക്കണമായിരുന്നു. 

പേരുകള്‍ തിരഞ്ഞുപോകുന്നവരോട് ഒരപേക്ഷയുണ്ട്. ദയവു ചെയ്ത് ഇനി അതിന് പിറകെ പോകരുത്. ഇതെല്ലാം മാറ്റിവച്ച് നമുക്ക് നമ്മുടെ മറ്റ് പ്രവൃത്തികളില്‍ ശ്രദ്ധതിരിക്കാം.

ഈ കുറച്ച് മണിക്കൂറുകള്‍ക്കുള്ളിലുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ജിതിന്‍ ലാലിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. കാരണം ഈ സംഭവവുമായി ജിതിന് യാതൊരു ബന്ധവുമില്ല.  ജിതിന്‍ എന്റെ അടുത്ത സുഹൃത്താണ്. കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യം വിളിച്ച് അഭിനന്ദിച്ച ഒരാള്‍ കൂടിയാണ് ജിതിന്‍. ആ പേരിനായുള്ള വേട്ടയാടല്‍ നിര്‍ത്തൂ. താഴ്മയോടെ അപേക്ഷിക്കുന്നു- റോബി വര്‍ഗീസ് രാജ് കുറിച്ചു.

റോബി വര്‍ഗീസിനു മറുപടിയുമായി ജിതിനും എത്തി. നന്ദി സഹോദര. തന്നെയും തന്റെ ടീമിനെയയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഊാഹപോഹങ്ങള്‍ക്ക് വ്യക്തത വന്നതായി പ്രതീക്ഷിക്കുന്നുവെന്നും ജിതിന്‍ ലാല്‍ കുറിച്ചു. 


 

Content Highlights: Kannur Squad movie Robi Roby Varghese Raj director clarifies rumors about jithin lal