ശുചിമുറിയിൽ ഒളിക്യാമറ; സീരിയൽ നടിയുടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് അജ്ഞാതന്റെ ഭീഷണി

#Movies Desk
Representational Image | Photo: Ai Image
Representational Image | Photo: Ai Image

ബെംഗളുരു: ശുചിമുറിയിലെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നടിയിൽ നിന്ന് പണം തട്ടാൻ ശ്രമം. ബെംഗളുരുവിലാണ് സംഭവം. 32 കാരിയായ കന്നഡ സീരിയൽ നടിയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് സംഭവത്തിൽ ബെംഗളൂരുവിലെ സൈബർ ക്രൈം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ബംഗളുരുവിലെ ഒരു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ തന്റെ സമ്മതമില്ലാതെ, അജ്ഞാതനായ ഒരാൾ തന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നാണ് നടിയുടെ പരാതി. ഫെബ്രുവരി ആറിനും 13 നും ഇടയ്ക്കാണ് സംഭവം ഉണ്ടായതെന്നാണ് വിവരം.

ഫെബ്രുവരി ഏഴിനാണ് സ്റ്റേഡിയത്തിലെ ശുചിമുറി ഉപയോഗിച്ചതെന്നും വീഡിയോ ചിത്രീകരിക്കപ്പെട്ടതെന്നും നടി പറയുന്നു. പിന്നീട് പ്രതി വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കാനും ശ്രമിച്ചു. നടിയുടെ അക്കൗണ്ടാണെന്ന് കരുതി അബദ്ധത്തിൽ നടിയുടെ ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ഇയാൾ വീഡിയോ അയച്ചത്. ഇതിന് പിന്നാലെ വീഡിയോ പ്രചരിപ്പിക്കുമെന്നും കൂടുതൽ വീഡിയോകൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Content Highlights: Hidden Camera in Washroom: Bengaluru Actress Files Complaint After Extortion Threat