പേടിക്കണ്ട നീ വന്നിട്ടേ ചാകൂ; തന്റെ മരണം ദുഃസ്വപ്നം കണ്ട കനിയോട് അന്ന് അനിൽ പറഞ്ഞത്

നടൻ അനിൽ നെടുമങ്ങാടിന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല മലയാള സിനിമാ പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും. അനിലിന്റെ ഓർമകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. അക്കൂട്ടത്തിൽ നടി കനി കുസൃതി പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകരെ കണ്ണീരണിയിക്കുന്നത്.
2018 ഫെബ്രുവരി 13ന് താനുമായി അനിൽ നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണ് കനി പങ്കുവച്ചിരിക്കുന്നത്.. അനിൽ മരിച്ചുവെന്ന് കനി സ്വപ്നം കാണുകയും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുള്ളത്.
"മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകു" എന്ന ക്യാപ്ഷനോടെ അന്ന് അനിൽ ഈ ചാറ്റ് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെട്ടാണ് അനിലിന്റെ അന്ത്യം സംഭവിക്കുന്നത്. ജോജു ജോർജ്ജ് നായകനായ 'പീസ്' സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയിൽ തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയമാണ് കയത്തിൽപ്പെട്ടത്.
അനിലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽകോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി. മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് ഏഴര മുതൽ തിരുവനന്തപുരം ഭാരത് ഭവനിൽ പൊതുദർശനം ഉണ്ടാവും. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക
Content Highlights : Kani Kusruthi About Anil Nedumangad remembrance
Content Highlights: