CJP പ്രതിഷേധങ്ങൾക്കുപിന്നിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികൾ -കങ്കണ റണൗട്ട്

ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രക്ഷോഭം നടത്തുന്നവരേയും കോക്രോച്ച് ജനതാ പാർട്ടി (CJP) നേതൃത്വത്തെയും ശക്തമായി വിമർശിച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. ഇത്തരം പ്രതിഷേധങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന 'ദേശവിരുദ്ധ ശക്തികൾ' ആണെന്ന് കങ്കണ ആരോപിച്ചു. ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ ജനങ്ങൾ തന്നെ ഇപ്പോൾ തുറന്നുകാട്ടുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
ലഖ്‌നൗവിൽ എത്തി അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ റണൗട്ട്. പോലീസിനെക്കൂടാതെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളും ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ പല ശക്തികളും പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മാണ്ഡിയിൽ നിന്നുള്ള എം.പിയായ കങ്കണ കൂട്ടിച്ചേർത്തു.
"ഈ രാജ്യവിരുദ്ധ ശക്തികളെ ആളുകൾ ഇപ്പോൾ എങ്ങനെ തുറന്നുകാട്ടുന്നു എന്ന് നോക്കൂ. പോലീസിനെ വിടൂ, ഇപ്പോൾ സാധാരണക്കാരായ ആളുകളും അവരെ പിടികൂടുകയും അവരോട് ഉത്തരം ചോദിക്കുകയും ചെയ്യും, കാരണം ആളുകൾ അവരെ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു," കങ്കണയുടെ വാക്കുകൾ.
ഡൽഹിയിലെ ജന്തർ മന്തറിൽ ഒക്ടോബർ 10-ന് സി.ജെ.പിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർ സ്ഥലത്തെത്തുന്നതിന് മുൻപായി ഡൽഹി പോലീസ് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി തലസ്ഥാനത്തുടനീളം ആറായിരത്തിലധികം ആളുകളെ കരുതൽ തടങ്കലിലാക്കി. വിദ്യാർത്ഥികളും അഭിഭാഷകരും മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പോലീസിന്റെ നടപടിക്ക് ഇരയാവുകയും ഡൽഹിയുടെ പ്രധാന ഭാഗങ്ങൾ വിജനമാവുകയും ചെയ്തു.
വോട്ടർ പട്ടികയിലെ വിവരങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആരംഭിച്ചത്. വോട്ടർമാരെ തെറ്റായ രീതിയിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് കുറ്റപ്പെടുത്തിയ സംഘടന, വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ കൂടുതൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് തലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയത്.
പ്രതിഷേധം തടയാൻ തന്ത്രപ്രധാനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ഡൽഹി പോലീസ്, സെൻട്രൽ ഡൽഹിയും ജന്തർ മന്തറും അടച്ചുപൂട്ടുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കരുതൽ തടങ്കലിലായ ചില നേതാക്കളെ പിന്നീട് മോചിപ്പിച്ചെങ്കിലും വീണ്ടും മാർച്ച് നടത്തുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. അതിനിടെ, ട്രെയിൻ-മെട്രോ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Content Highlights: BJP MP Kangana Ranaut strongly criticized the leadership of the Cockroach Janata Party (CJP), terming them anti-national forces following their massive nationwide protest in Delhi demanding the resignation of Chief Election Commissioner Gyanesh Kumar over electoral roll revision concerns.