'ഇത് അവഞ്ചേഴ്സും ഞാൻ വണ്ടര്‍ വുമണും അല്ലെന്ന് പലതവണ പറഞ്ഞിട്ടുണ്ട്'; ലോകയെ ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ കല്യാണി

മലയാളികളുടെ പ്രിയതാരം കല്യാണി പ്രിയദര്ശന് നായികയായെത്തിയ സൂപ്പര്‍ഹിറ്റ് സൂപ്പര്‍ഹീറോ ചിത്രമാണ് ലോക: ചാപ്റ്റര്‍ 1: ചന്ദ്ര. തിയേറ്ററുകളിലെ വിജയക്കുതിപ്പിന് ശേഷം ഒടിടിയിലും പ്രയാണം ആരംഭിച്ച ലോകയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് എല്ലാ കോണുകളില്‍ നിന്നും വന്നത്. പലരും ഹോളിവുഡില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുമായി ലോകയെ താരതമ്യം ചെയ്തു. ഇപ്പോഴിതാ അന്താരാഷ്ട്ര ചിത്രങ്ങളുമായി ലോകയെ താരതമ്യം ചെയ്യുന്നതില്‍ പ്രതികരിക്കുകയാണ് നായികയായ കല്യാണി. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
'സൂപ്പര്‍ ഹീറോ ചിത്രത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഭയപ്പെട്ട കാര്യം ഇവിടെ അതിനെ താരതമ്യം ചെയ്യാന്‍ മറ്റൊരു ചിത്രമില്ലെന്നതായിരുന്നു. താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്ന സംസ്കാരമാണ് നമ്മുടേത്. അപ്പോള്‍ നമ്മളിതിനെ അന്താരാഷ്ട്ര ചിത്രങ്ങളുമായി താരതമ്യപ്പെടുത്തും. ഇതിനേക്കാള്‍ ഇരുപതും മുപ്പതുമിരട്ടി ബജറ്റുള്ള ചിത്രങ്ങളുമായി നമ്മള് താരതമ്യം ചെയ്യും. അതുകൊണ്ട് ഞങ്ങള്‍ ഭയപ്പെട്ടത് താരതമ്യം ചെയ്യാന്‍ ഇവിടെ മറ്റൊന്നുമില്ലാത്തതും അന്താരാഷ്ട്ര ചിത്രങ്ങളുടെ അടുത്തുപോലും എത്തുമോ എന്നുമായിരുന്നു.' -കല്യാണി പ്രിയദര്ശന് പറഞ്ഞു.
Also Read: 'ചെറിയ സ്വപ്നം വെച്ച് തുടങ്ങിയതാണ്', 'ലോക' കാണാൻ ദുൽഖറും താരങ്ങളും അബുദാബിയിൽ| VIDEO
'അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ അതീവ ശ്രദ്ധാലുവായിരുന്നു. ഇത് അവഞ്ചേഴ്സ് അല്ല എന്നും എന്റെ കഥാപാത്രം വണ്ടര്‍ വുമണ്‍ പോലെ ഒന്നായിരിക്കുമെന്ന് ദയവായി പ്രതീക്ഷിക്കരുതെന്നും ഞാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. എന്തായാലും താരതമ്യം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തന്നെയാണ് തോന്നുന്നത്.' -കല്യാണി തുടര്‍ന്നു.
Don’t Miss: 'ലോക' തരംഗത്തില്‍ ആളിക്കത്തി ബോക്സ് ഓഫീസ്; ഇതുവരെ വിറ്റത് പത്ത് ലക്ഷം ടിക്കറ്റുകള്‍
നമ്മുടെ നാട്ടിലെ എല്ലാ നായകന്മാരും പലതരത്തില്‍ സൂപ്പര്‍ ഹീറോകളായതിനാലാണ് ഇവിടെ സൂപ്പര്‍ ഹീറോ ജോണറിലുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാകാതിരുന്നതെന്നും കല്യാണി പറയുന്നു. അവര്‍ ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുകയും അമാനുഷികമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. അവരുടെ സിനിമകളെ നമ്മള് സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ എന്ന് വിളിക്കാറില്ലെന്നേയുള്ളൂ. അവര്‍ എല്ലായ്പ്പോഴും നായകന്മാരാണെന്നും കല്യാണി പറഞ്ഞു.
Content Highlights: Kalyani Priyadarshan commenting on the comparison of her superhero film Lokah with Hollywood movies