ലോകയുടെ വമ്പന് വിജയം; ഛായാഗ്രാഹകന് 9 ലക്ഷത്തിലേറെ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി

ലോക ചാപ്റ്റര് 1: ചന്ദ്ര എന്ന ചിത്രത്തിന്റെ വന് വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകന് നിമിഷ് രവിക്ക് വന്തുക വിലയുള്ള ആഡംബര വാച്ച് സമ്മാനമായി നല്കിയിരിക്കുകയാണ് ചിത്രത്തിലെ നായിക കല്യാണി പ്രിയദര്ശന്. ഇന്സ്റ്റഗ്രാമില് കല്യാണിക്ക് നന്ദിയറിയിച്ചുകൊണ്ട് ഒരു പോസ്റ്റും നിമിഷ് രവി പങ്കുവെച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്കതയാണ്, വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്പ്പോഴും നല്ല കാര്യങ്ങള്ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്മ്മിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഒരു ഓര്മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്നേഹം', നിമിഷ് രവി ഇന്സ്റ്റഗ്രാമില് കുറിച്ചു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തിയ ടൊവിനോ ഈ പോസ്റ്റിന് കീഴില് ഹാര്ട്ട് ഇമോജികള് പങ്കുവെച്ചിട്ടുണ്ട്. ‘നീയാണ് മികച്ചത്’ എന്ന കമന്റുമായി കല്യാണി പ്രിയദര്ശനും എത്തിയിട്ടുണ്ട്.
സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര് 57 എന്ന മോഡല് അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നല്കിയിരിക്കുന്നത്. 40.5 എംഎം ഡയലും ലെതര് സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത.
ലോക ചാപ്റ്റര് വണ്: ചന്ദ്ര
കല്യാണി പ്രിയജര്ശന്, നസ്ലന് എന്നിവര് പ്രധാന വേഷങ്ങളിലെത്തിയ ലോക ചാപ്റ്റര് വണ് ചന്ദ്ര എന്ന ചിത്രം മലയാളത്തിലെ ഓള് ടൈം ബ്ലോക്ക്ബസ്റ്ററായി കുതിപ്പ് തുടരുകയാണ്. ഡൊമിനിക് അരുണ് തിരക്കഥയും സംവിധാനവും നിര്വഹിച്ച ഈ ബിഗ് ബജറ്റ് ചിത്രം അഞ്ച് ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ്. മലയാള സിനിമകളിലെ പതിവ് രീതികളില് നിന്ന് മാറിക്കൊണ്ടുള്ള ചിത്രത്തിലെ ദൃശ്യങ്ങശും കളര് ഗ്രേഡിങും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ടൊവിനോ തോമസ്, ദുല്ഖര് സല്മാന്, സൗബിന് ഷാഹിര് ഉള്പ്പടെയുള്ളവര് അതിഥി താരങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയൂം ഈ സിനിമാ പരമ്പരയുടെ ഭാഗമാവുമെന്നാണ് റിപ്പോര്ട്ടുകള്.
Content Highlights: Following the blockbuster success of 'Lokah Chapter One: Chandra', lead actress Kalyani Priyadarshan gifted cinematographer Nimish Ravi an Omega Speedmaster 57 luxury watch worth ₹9,81,800