എംജിആറും രാജീവ് ഗാന്ധിയുമായും സൗഹൃദം; കല്ലറ ഗ്രാമത്തില്‍നിന്ന് സിനിമയിലേക്കും ഡല്‍ഹി രാഷ്ട്രീയത്തിലേക്കും വളര്‍ന്ന സരസമ്മ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും അംബിക, രാധ എന്നീ നടിമാരുടെ അമ്മയുമായ കല്ലറ കാട്ടുംപുറം അരിവാരിക്കുഴി അംബികാഭവനിൽ കല്ലറ സരസമ്മ (86) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കല്ലറ ഗ്രാമത്തിൽനിന്ന് ചെന്നൈയിലെ സിനിമാമേഖലയിലേക്കും ഡൽഹിയിലെ രാഷ്ട്രീയവൃത്തത്തിലേക്കും മക്കളുമായി വിജയഗാഥ നയിച്ച ചരിത്രമാണ് കല്ലറ സരസമ്മയുടേത്. മലയാളം, തമിഴ്, തെലുഗു സിനിമകളിൽ തിളങ്ങിയ അംബിക, രാധ എന്നീ നടിമാരുടെ അഭിനയമികവിനു പിന്നിൽ ഈ അമ്മയുടെ നിതാന്ത ശ്രദ്ധയും പ്രയത്നവും ഉണ്ടായിരുന്നു. സിനിമയുടെ ഡേറ്റ് തേടിയെത്തുന്നവരോട് സിനിമയിലെ വൃത്തികേടുകൾ എന്നോട് കാണിക്കരുതെന്ന് പറയാനുള്ള ധൈര്യം അവർ പ്രകടിപ്പിച്ചിരുന്നു.
അംബികയുടെ നൃത്തത്തിലുള്ള പാടവമാണ് മകളെ നടിയാക്കണമെന്ന ആഗ്രഹം സരസമ്മയിലുണർത്തിയത്. മെരിലാൻഡ് സുബ്രഹ്മണ്യത്തെ കണ്ടെങ്കിലും അരോമ മണിയുടെ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കാനായിരുന്നു അംബികയുടെ നിയോഗം. സുകുമാരൻ നായകനായ ‘അണിയാത്ത വളകൾ’ എന്ന ചിത്രം ശ്രദ്ധേയമായതോടെ തമിഴിലേക്കുള്ള ക്ഷണം ലഭിച്ചു.
മകളുമൊത്ത് ചെന്നൈയിലെത്തിയ സരസമ്മ മുൻമുഖ്യമന്ത്രി അണ്ണാദുരെയുടെ വീടിനുസമീപം സ്ഥലം വാങ്ങുകയും പിന്നീട് എആർഎസ് സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. എംജിആറാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. എംജിആറിന്റെ ഭാര്യ ജാനകിയുമായി അവർ സൗഹൃദം പുലർത്തിയിരുന്നു. പിന്നീട് അംബിക രാധ സരസമ്മ എന്ന എആർഎസ് സംരംഭം ബൃഹത്തായി. മലയാളത്തിൽ മോഹൻലാൽ നായകനായ ‘അയിത്തം’ എന്ന ചിത്രം എആർഎസ് പ്രൊഡക്ഷൻ നിർമിച്ചിരുന്നു.
സമാനമായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നിയ സരസമ്മ രാജീവ് ഗാന്ധിയുടെ തമിഴ്‌നാട് പര്യടനത്തിൽ ഒപ്പം സഞ്ചരിച്ചു. ശ്രീപെരുംപുത്തൂരിൽ രാജീവ് കൊല്ലപ്പെടുന്നതിന് തലേന്നാൾ അവർ അദ്ദേഹത്തെക്കണ്ടിരുന്നു. പിറ്റേന്ന് വാൾട്ടർ ദേവാരത്തിൽനിന്നാണ് ‘അമ്മാ രാജീവ്ജി പോയി’ എന്ന വാക്കുകൾ അവർ കേട്ടത്.
കരുണാനിധിയെക്കാണാൻ വീട്ടിലേക്ക് പോയ സരസമ്മയെ കാവൽക്കാരൻ കടത്തിവിട്ടില്ല. വഴക്കിടുന്നതുകണ്ട കരുണാനിധി ‘അന്ത വായാടിയെ കടത്തിവിടെന്ന്’ പറഞ്ഞതും അവർ ഓർമ്മിച്ചിരുന്നു. ഭാര്യയ്ക്കൊപ്പം സരസമ്മയുടെ വീട്ടിലെത്തിയിരുന്ന രജനീകാന്തിന് അവർ തയ്യാറാക്കുന്ന കേരള സ്റ്റൈൽ കോഴിക്കറി ഇഷ്ടമായിരുന്നു.
ഉദയചന്ദ്രിക എന്ന മകളെ രാധയെന്ന നടിയാക്കിയതും സരസമ്മയായിരുന്നു. ഭാരതിരാജയുടെ ‘അലൈകൾ ഓയ്‌വതില്ലൈ’ എന്ന സിനിമയിലായിരുന്നു തുടക്കം. നായികമാർക്ക് രകാരത്തിൽ തുടങ്ങുന്ന പേരുകൾ നൽകിയ ഭാരതിരാജ ഉദയചന്ദ്രികയെ രാധയാക്കി മാറ്റി. ‘മുതൽ മര്യാദ’ എന്ന, ശിവാജിഗണേശനോടൊപ്പമുള്ള സിനിമയിലെ രാധയുടെ അഭിനയത്തിന് ദേശീയ അവാർഡ് നഷ്ടപ്പെട്ടതിൽ ജൂറിഅംഗമായിരുന്ന പ്രേംനസീർ പിന്നീട് സരസമ്മയോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ആൺമക്കളായ മല്ലികാർജുൻ ഭാരതിരാജയുടെ തമിഴ് സിനിമയിലും സുരേഷ് ‘നിന്നിഷ്ടം എന്നിഷ്ടം2’, ‘നീലത്താമര’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ആറ്റിങ്ങലിലെ സ്വാതന്ത്ര്യസമരപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. ഭർത്താവ് പരേതനായ കുഞ്ഞൻനായർ ആന്ധ്രസർക്കാരിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു. രാഷ്ട്രീയത്തിലെത്താൻ ഇതു പ്രേരണയായി. കേരളത്തിൽ മടങ്ങിയെത്തിയശേഷം കെ. കരുണാകരൻ, ലീലാ ദാമോദരമേനോൻ, ദേവകീകൃഷ്ണൻ എന്നിവരുടെ പാതയിൽ രാഷ്ട്രീയപ്രവർത്തനം തുടർന്നു.
എഐസിസി ജോയിന്റ് സെക്രട്ടറി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഗാന്ധികുടുംബവുമായും അടുത്ത ബന്ധംപുലർത്തി. എം.ജി.ആർ., കരുണാനിധി, മൂപ്പനാർ, എൻ.ടി. രാമറാവു, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവരുമായും സൗഹൃദമുണ്ടായിരുന്നു.
തെന്നിന്ത്യയിലെ ആദ്യത്തെ സ്ഥിരം സിനിമാസെറ്റായിരുന്ന ചെന്നൈയിലെ എആർഎസ് സ്റ്റുഡിയോ, എആർഎസ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനി എന്നിവയുടെ അമരക്കാരിയായിരുന്നു. സ്വന്തം നാടായ കല്ലറയിൽ തിയേറ്റർ, കല്യാണമണ്ഡപം എന്നിവയും സ്ഥാപിച്ചു.
മറ്റുമക്കൾ: മല്ലിക നായർ, മല്ലികാർജുനൻനായർ, സുരേഷ് നായർ. മരുമക്കൾ: ശ്രീകുമാർ, ബിജെപി നേതാവും വ്യവസായിയുമായ ചെങ്കൽ രാജശേഖരൻനായർ, പാർവതി നായർ, പ്രജിനായർ. നടിമാരായ തുളസി, കാർത്തിക എന്നിവർ ചെറുമക്കളാണ്.
സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കല്ലറയിലെ വീട്ടുവളപ്പിൽ.
Content Highlights: Kallara Sarasaamma, mother of actresses Ambika and Radhika, and a prominent figure in politics, has passed away at 86. Remembering her legacy.