ചലച്ചിത്ര നിര്‍മ്മാതാവായി എഴുത്തുകാരി ആര്യഭുവനേന്ദ്രന്‍; ആദ്യ ചിത്രം 'കള്ളം' തിയേറ്ററിലേയ്ക്ക്

ആര്യഭുവനേന്ദ്രന്‍
ആര്യഭുവനേന്ദ്രന്‍

യുവ എഴുത്തുകാരി ആര്യഭുവനേന്ദ്രന്‍ നിര്‍മ്മിച്ച പുതിയ ചിത്രം 'കള്ളം' പ്രേക്ഷകരിലേക്ക്, ചിത്രത്തിന്റെ തിരക്കഥയും ആര്യയുടേതാണ്. മലയാള സിനിമയിലേയ്ക്ക് ഒരു വനിതാ തിരക്കഥാകൃത്ത് കൂടി ഈ ചിത്രത്തിലൂടെ സാന്നിധ്യമറിയിക്കുകയാണ്. 

തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ മലയോര ഗ്രാമമായ വിതുരയില്‍ നിന്നുമാണ് ആര്യ ഭുവനേന്ദ്രന്‍ എന്ന എഴുത്തുകാരി അതിരുകള്‍ ഇല്ലാത്ത തന്റെ സിനിമാ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിതിരിച്ചത്. ചിത്രം  ഈ മാസം 13 ന് റിലീസ് ചെയ്യും. നിര്‍മ്മാണത്തിന് പുറമെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യയാണ് രചിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ അനുറാമാണ് ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 

കുട്ടിക്കാലം മുതല്‍ സിനിമയോടും എഴുത്തിനോടും കമ്പമുണ്ടെങ്കിലും സിനിമയോട് അടങ്ങാത്ത അഭിനിവേശം ആരംഭിക്കുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി, പിജി പഠന കാലഘട്ടത്തില്‍ ആണ്. യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെയും പബ്ലിക് ലൈബ്രറിയിലെയും തിരക്കഥാ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയതില്‍ നിന്നാണ് തിരക്കഥാ രചനയുടെ സാങ്കേതികത തലങ്ങള്‍ ആര്യ മനസ്സിലാകുന്നത്. ക്രൈം ത്രില്ലറുകള്‍ എഴുതാനാണ് ആര്യയ്ക്ക് കൂടുതല്‍ ഇഷ്ടം. കള്ളവും അത്തരത്തില്‍ ഒരു കുറ്റാന്വേഷണ ചിത്രമാണ്. ഒപ്പം ചില സാമൂഹിക വിഷയങ്ങളും ചിത്രത്തിലൂടെ സംസാരിക്കാന്‍ ആര്യ ശ്രമിക്കുന്നുണ്ട്.

ആര്യയുടെ ആദ്യ സിനിമ ആയ 'കള്ളം' യഥാര്‍ഥ്യമാക്കാന്‍  കുടുംബവും ആര്യയ്‌ക്കൊപ്പം നിന്നു. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വിതുര എന്ന ഗ്രാമത്തിന്റെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ തനിക്ക് കള്ളം എന്ന ചിത്രം കാമിയോ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന സ്വന്തം നിര്‍മ്മാണത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ലയെന്ന് ആര്യ പറഞ്ഞു. ഭുവനേന്ദ്രന്‍ നായരും ഷൈലജ കുമാരിയുമാണ് ആര്യയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് സൈജുവും മകന്‍ ഏഴു വയസ്സുകാരന്‍ വിഹാനും ആര്യയുടെ സിനിമ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒപ്പം തന്നെയുണ്ട്.

പി.ആര്‍.ഒ- പി. ആര്‍. സുമേരന്‍.

Content Highlights: Kallam movie gears up for release produced by arya bhuvanendran