ജൂനിയർ എൻ.ടി.ആറിന് വില്ലനായി സെയ്ഫ് അലി ഖാൻ; 'ദേവര'യുടെ ട്രെയില‍ർ നാളെ

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ ട്രെയിലർ നാളെ (10 സെപ്റ്റംബർ 2024) വൈകീട്ട് 5 മണിക്ക് പുറത്തുവിടും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാ​ഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയേറ്ററുകളിലെത്തും. നന്ദമുരി കല്യാൺ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്. 

'ഭൈര' എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളിവുഡ് താരം ജാൻവി കപൂറാണ്.  ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ​ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ​ഗാനമായ 'ദാവൂദി'ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ​​

ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: junior ntr saif alikhan movie devara trailer from tomorrow